കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ യുഎഇ പൗരനായ വ്യവസായിയെന്ന് മൊഴി. കെ.ടി.റമീസാണ് കസ്റ്റംസിന് മൊഴി നല്‍കിയത്. ഇയാള്‍ അറിയപ്പെടുന്നത് ‘ദാവൂദ് അല്‍ അറബി’യെന്ന പേരിലാണ്. ദാവൂദാണ് നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരനെന്ന് റമീസിന്റെ മൊഴിയിലുണ്ട്. ദാവൂദ് പന്ത്രണ്ട് തവണ സ്വര്‍ണം കടത്തിയതായും മൊഴിയില്‍ പറയുന്നു.

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സിനെ പ്രത്യേക കോടതി ഏഴ് ദിവസത്തേയ്ക്ക് എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ട് നല്‍കി. തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ 10 ാം പ്രതിയാണ് റബിന്‍സ് കെ. ഹമീദ്. എന്‍ഐഎയുടെ കൊച്ചി ആസ്ഥാനത്ത് പ്രാഥമിക ചോദ്യം ചെയ്‌ലിന് വിധേയമാക്കിയ ശേഷം വൈകുന്നേരം 4 മണിയോടെ റബിന്‍സിനെ എന്‍ഐഎ പ്രത്യക കോടതിയില്‍ ഹാജരാക്കി.

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത് റബിന്‍സാണെന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന് നിക്ഷേപം നടത്തിയതില്‍ പ്രധാനിയും റബിന്‍സാണ്. റബിന്‍സ് നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ട്. ജൂലൈയിലായിരുന്നു റബിന്‍സിനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തതെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 25 വരെ യുഎഇ ജയിലില്‍ ആയിരുന്നു റബിന്‍സെന്നും എന്‍ഐഎ കോടതിയില്‍ പറഞ്ഞു. റബിന്‍സില്‍ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. റബിന്‍സിനെ കോടതി വരുന്ന മാസം രണ്ടാം തിയതി വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ട് നല്‍കി.