തിരുവനന്തപുരം | സംസ്ഥാനത്ത് എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണത്തില്‍ നടക്കുന്നത് സ്വര്‍ണക്കള്ളക്കടത്തും ഡോളര്‍ കടത്തും നാടുകടത്തലുമൊക്കെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മന്ത്രി, സ്വപ്ന സുരേഷ് എന്നിവരാണ് ഇത്തരം കടത്തുകള്‍ക്കു പിന്നില്‍. എന്നിട്ടാണ് മുഖ്യമന്ത്രി പതിവായി വാര്‍ത്താ സമ്മേളനത്തില്‍ ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്നത്. ആരെ കബളിപ്പിക്കാനാണ് ഇതെന്ന് മുഖ്യമന്ത്രി പറയണം. അന്വേഷണം ശരിയായ നിലയിലാണ് പോകുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം മുഖവിലക്കെടുത്താല്‍ ഈ അന്വേഷണ ഏജന്‍സികള്‍ പുറത്തുവിടുന്ന മൊഴികള്‍ എല്ലാം വിശ്വസീയമാണെന്ന് കാണേണ്ടി വരും.

മന്ത്രിമാരായ ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, സ്വര്‍ണക്കടത്തില്‍ മുഖ്യ കണ്ണിയായി മാറിയെന്ന് മൊഴി പുറത്തുവന്ന കാരാട്ട് റസാഖ്, ഇടതു മുന്നണിയുടെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ ഇവരൊക്കെ കേസില്‍ ആരോപണ വിധേയരാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇടതു മുന്നണിക്കാണ് ഏറ്റവും കൂടുതല്‍ ബന്ധമുള്ളത് എന്നാണ് വെളിപ്പെടുന്നത്. അപ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നതും മുട്ടുകൂട്ടിയിടിക്കുന്നതും മുഖ്യമന്ത്രിയുടെതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ വാര്‍ത്തകളും തെളിവുകളും മൊഴികളും പുറത്തുവന്നേക്കും.

ഓഫീസില്‍ ആരുമില്ലാത്ത സമയത്ത് എന്നെ ഫോണ്‍ ചെയ്യണം എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായുള്ള ശിവശങ്കറിന്റെ വാട്സ് ആപ്പ് സന്ദേശം ഹവാല ഇടപാടുകള്‍ക്കും സ്വര്‍ണക്കടത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗപ്പെടുത്തി എന്നത് വ്യക്തമാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്ത് സംബന്ധിച്ച ആരോപണങ്ങളില്‍ എങ്ങനെ ബന്ധപ്പെട്ടിരുക്കുന്നു എന്നതിന്റെ ഏറ്റവും വലിയ സൂചനയാണിത്.

ഇതൊക്കെയായിട്ടും വസ്തുതകള്‍ മറച്ചുവക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇതുപോലെ നാറിയ ഇടപാടുകള്‍ നടത്തിയ മറ്റൊരു സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സ്വര്‍ണക്കടത്തുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി മാത്രമല്ല, സി പി എമ്മിന്റെ ഉന്നത നേതാക്കന്മാരുമായും അടുത്ത ബന്ധമുണ്ടെന്നാണ് തെളിയിക്കുന്ന വസ്തുതകളാണ് പുറത്തുവരുന്നത്.

കൊടുവള്ളി സംഘത്തിനു വേണ്ടിയാണ് സന്ദീപും റമീസും സ്വര്‍ണം വാങ്ങിയത് എന്ന് സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴി പുറത്തുവന്നിട്ടുണ്ട്. കൊടുവള്ളി സംഘവുമായി ഏറ്റവും അടുത്ത ബന്ധമുള്ളത് സി പി എമ്മിന് അല്ലേയെന്നും ചെന്നിത്തല ചോദിച്ചു.