പതിമൂന്ന് വര്‍ഷം മാര്‍ത്തോമ്മ സുറിയാനി സഭയുടെ സഭാ മേലധ്യക്ഷന്‍ ആയി പ്രശോഭിച്ച ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം അമേരിക്കന്‍ മലയാളികകള്‍ക്ക് ഹൃദയഭേദകമായിരുന്നു.

വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ഒരു മതമേലധ്യക്ഷന്റെ സഹോദര നിര്‍വിശേഷമായ സ്‌നേഹവും കരുതലും വാത്സല്യവുമാണ് നഷ്ടമായത്. 2004 ല്‍ എനിക്ക് ബര്‍ഗന്‍ കൗണ്ടിയില്‍ മികച്ച സാമൂഹിക സാംസ്ക്കാരക പ്രവര്‍ത്തനങ്ങളില്‍ വ്യാപ്യതരായ അമേരിക്കന്‍ മലയാളകള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ലഭിക്കുകയുണ്ടായി. അത് അറിഞ്ഞു എന്നെ ഇപ്പോള്‍ വലിയ മെത്രാപ്പോലീത്താ ആയ അഭി. ഡോ ഫിലിപ്പോസ് മാര്‍ ക്രിസ്സോസ്റ്റം തിരുമേനിയും അന്ന് സഫ്രഗന്‍ മെത്രപ്പോലീത്ത ആയിരുന്ന ഡോ ജോസഫ് മാര്‍ ഐറെനിയോസ് തിരുമേനിയും അനുമോദിക്കുകയും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തത് ഞാന്‍ ഈ അവസരത്തില്‍ അതീവ നന്ദിയോടെ സ്മരിക്കുന്നു.

ആ കാലയളവില്‍ സഭാ മണ്ഡലം മെമ്പറായി പ്രവര്‍ത്തിക്കുവാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഞാന്‍ നാട്ടില്‍ എത്തിയ അവസരത്തില്‍ വലിയ മെത്രാപ്പോലീത്തയും സഫ്രഗന്‍ മെത്രാപ്പോലീത്തായും ചേര്‍ന്ന് എന്നെ പൊന്നാട നല്‍കി ആദരിച്ചത് എന്റെ ജീവിതത്തിലെ അപൂര്‍വ്വ സൗഭാഗ്യമാണ്. അന്ന് സഫ്രഗന്‍ മെത്രാപ്പോലീത്ത എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ ഭദ്രാസനത്തില്‍ സഭയെ ശുശ്രൂഷിച്ച മെത്രാപ്പോലീത്താമാരെയും വൈദികരെയും കൂട്ടി ഒരു മീറ്റിംഗ് സംഘടിപ്പിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

ഞാന്‍ അതിന് മുന്‍കൈ എടുക്കുകയും ഇത്തരത്തില്‍ ഒരു കൂട്ടായ്മ 2004 പെബ്രുവരിയില്‍ മാരാമണ്‍ കണ്‍വന്‍ഷന്റെ തലേദിവസം എന്റെ ഭവനത്തില്‍ വെച്ച് (ഇരവിപേരൂര്‍ തറുവേലി മണ്ണില്‍) കൂടി. മാര്‍ത്തോമ്മാ സുറിയാനി സഭയിലെ അഭി. സഖറിയാസ് മാര്‍ തിയോഫിലോസ്, ഗീവര്‍ഗ്ഗീസ് മാര്‍ അത്തനാസിയോസ്, ഏബ്രഹാം മാര്‍ തേവോദോസിയോസ് എന്നി എപ്പിസ്‌കോപ്പമാരോടൊപ്പം സഭാ സെക്രട്ടറിയും സുവിശേഷ സംഘം ജനറല്‍ സെക്രട്ടറിയും സഭ ട്രസ്റ്റിയും ആ ചടങ്ങില്‍ പങ്കെയുത്തത് എനിക്ക് അഭിമാനവും സന്തോഷവും നല്‍കുന്ന ഒരു അനുഭവമായിരുന്നു.

ഈ സമ്മേളനത്ില്‍ പി ജെ കുര്യന്‍ എംപി, ആന്റോ ആന്‍ണി എംപി, രാജു ഏബ്രഹാം എംഎല്‍എ, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ അലക്‌സാണ്ടര്‍ കാരയ്ക്കല്‍, അമേരിക്കന്‍ മലയാളികളെ പ്രതിനിധീകരിച്ച് ശ്രീ വര്‍ക്കി ഏബ്രഹാം ശ്രീ പോള്‍ കറുപ്പള്ളില്‍ എന്നിവരും സംബന്ധിച്ചിരുന്നു.

2004 മുതല്‍ നടക്കുന്ന ഈ കൂട്ടായ്മയില്‍ ക്‌നാനായ സഭയിലെ കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി എല്ലാവര്‍ഷവും മുടങ്ങാതെ സംബന്ധിച്ചു വരുന്നത് നന്ദിയോടെ സ്മരിക്കുന്നു.

എല്ലാ വര്‍ഷവും ഒരു കുടുംബസംഗമം പോലെ സഭയടെ മേലധ്യക്ഷനെയും മറ്റ് പിതാക്കന്മാരേയും വൈദികരേയും സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകരേയും ഈ ഭവന കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തുന്നതിന് എനിക്ക് പ്രേരണ നല്‍കിയത് ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയാണ്.

രണ്ട് വര്‍ഷം മുമ്പ് കണ്ണിന്റെ കാഴ്ചക്ക് മങ്ങലേറ്റതിനെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഞാന്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. മൂന്ന് ദിവസത്തോളം നീണ്ടുനിന്ന വിദഗ്ദ്ധമായ പരിശോധനയില്‍, ഒരു ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം വരുന്ന ഒരു നേത്ര രോഗമാണ് ഇത് എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ആ സമയത്ത് ഡോ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കാനഡയിലെ ഒരു പ്രോഗ്രാം കഴിഞ്ഞ് ന്യൂയോര്‍ക്കില്‍ വന്നപ്പോള്‍ എന്റെ രോഗവിവരം അറിഞ്ഞ് എന്നെ സന്ദര്‍ശിക്കുകയുണ്ടായി. അന്ന് അദ്ധേഹം എന്നോട് പറഞ്ഞു, ‘ചാക്കോച്ചന് ഇവിടെ ഉചിതമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ഈ ചികിത്സക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തുതരാം’ എന്ന് പറഞ്ഞു അദ്ദേഹം എന്റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ച് അനുഗ്രഹച്ചാണ് മടങ്ങിപ്പോയത്.

എനിക്ക് വെല്ലൂരില്‍ പോകേണ്ടി വന്നില്ല. രണ്ട് ആഴ്ച കഴിഞ്ഞപ്പോഴേക്കും എനിക്ക് കാഴ്ച ശക്തി പൂര്‍ണ്ണമായും ലഭക്കുകയും ആരോഗ്യവാനാകുകയും ചെയ്തു. ആ വര്‍ഷത്തെ മാരാമണ്‍ കണ്‍വന്‍ഷന്റെ വെള്ളിയാഴ്ച നടന്ന മധ്യസ്ഥപ്രാര്‍ത്ഥനയില്‍ എന്നെ ഡോ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത വി ഐ പി കളുടെ സീറ്റില്‍ ഇരുത്തുകയും മൂന്ന് മിനിറ്റ് സാക്ഷി പറയണമെന്ന് പറയുകയും ചെയ്തു. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ആ മഹാസുവിശേഷ സമ്മേളനത്തില്‍ അതിപ്രഗദ്ഭരായ പ്രാസംഗികരുടെയും സഭാപിതാക്കന്മാരുടെയും മദ്ധ്യത്തില്‍ എനിക്ക് അത്തരമൊരു അവസരം നല്‍കിയ എന്റെ സഭയുടെ മഹാപിതാവിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ വളരെയധികം വികാരാധീനനാകുന്നു.

എന്റെ ഭവനത്തില്‍വെച്ച് നടന്ന ഒരു സൗഹൃദ കൂട്ടായ്മയില്‍ മഹാനായ ഈ പിതാവ് എന്റെ പ്രിയ പത്‌നിക്ക് കേക്ക് മുറച്ച് നല്‍കയതും എന്റെ സൗഹൃദത്തെ മാനിച്ച് ആ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ആ മധുര സമ്മാനം നല്‍കിയതും നന്ദിയോട സ്മരിക്കുന്നു. മലയാള മനോരമ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ തോമസ് ജേക്കബ്, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ റെജി ലൂക്കോസ്, തോമസ് നീലാര്‍മഠം, സുനില്‍ മറ്റത്തില്‍, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, സാബു ചക്കുമ്മൂട്ടില്‍, ജി ബാലചന്ദ്രന്‍, ജയ മാത്യു, നീതു ജി. മാമ്മന്‍ എന്റെ പ്രയപ്പെട്ട നാട്ടുകാര്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ എന്നിവരൊക്കെ ഞാന്‍ പ്രതിവര്‍ഷം നടത്താറുള്ള എന്റെ കുടുംബത്തിലെ സ്‌നേഹ സംഗമത്തില്‍ സംബന്ധിക്കാറുണ്ട്.

ഈ കൂട്ടായ്മയെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കുകയും ആശിര്‍വദിക്കുകയും ചെയ്യുന്നതിന് അഭി ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രപ്പോലീത്ത എത്തിച്ചേരാറുണ്ടായിരുന്നു എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്.

ഇടുക്കി ജില്ലയിലെ വണ്ടിപെരിയാറ്റില്‍ ഓട്ടിസം ബാധിച്ച പെണ്‍കുട്ടികള്‍ക്കുവേണ്ടി സ്‌നേഹ സങ്കേതം എന്ന സ്ഥാപനം ആരംഭിക്കുന്നതിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണയും സഹായവും അദ്ദേഹം ആവശ്യപ്പെടുന്നത് എന്നോടാണ്. അതനുസരച്ച് ഞാന്‍ അതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തുകൊടുക്കുകയുണ്ടായി. മനുഷ്യ സ്‌നേഹത്തിന്റെ നീര്‍ച്ചാലിലൂടെ സഞ്ചരച്ച മഹോന്നത വ്യക്തത്വമുള്ള, മഹാതേജസ്സുള്ള ഉത്തമനും നന്മനിറഞ്ഞവനുമായ മഹാപുരോഹതനായിരുന്നു അദ്ദേഹം.

മാര്‍ത്തോമ്മാ സുറിയാനി സഭയെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്ത ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ ദേഹവയോഗത്തില്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെയും മറ്റ് സാമൂഹിക സാംസ്ക്കാരിക സംഘടനകളുടെയും വ്യക്തിപരമായി എന്റെയും കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.