മലപ്പുറം : ബേപ്പൂര്‍ സ്വദേശിയായ യുവാവ് ക്രൂര മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് മരിച്ച വൈശാഖിനോടുണ്ടായിരുന്നത് കടുത്ത അസൂയ. പ്രതിയായ ദിനൂപും വൈശാഖും സഹപ്രവര്‍ത്തകര്‍ ആയിരുന്നു.

ജോലിക്കാര്യത്തില്‍ വൈശാഖ് കൂടുതല്‍ കഴിവു തെളിയിക്കുന്നുവെന്ന് കണ്ടാണ് ദിനൂപ് വൈശാഖിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് താനൂരിലെ സ്വകാര്യ തിയറ്ററിനടുത്തുള്ള കുളത്തില്‍ ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈശാഖിനെ കാണാനില്ലെന്ന് ആദ്യം അറിയിച്ചതും കണ്ടെത്താന്‍ പോലീസിനൊപ്പം നടന്നതും ദിനൂപായിരുന്നു. തിയറ്ററില്‍ ആശാരിപ്പണിക്കായാണ് ഒരു വര്‍ഷം ബേപ്പൂര്‍ സ്വദേശി വൈശാഖും പാലക്കാട് സ്വദേശി ദിനൂപും താനൂരില്‍ എത്തിയത്. ലോക്ഡൗണിനു മുന്‍പ് തന്നെ അടഞ്ഞു കിടന്നിരുന്ന തിയറ്ററില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ജീവനക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

അന്വേഷണത്തിനൊടുവില്‍ സമീപത്തെ കുളത്തില്‍ നിന്നു വൈശാഖിനെ മൃതദേഹം കണ്ടെത്തിയപ്പോള്‍ പോലീസിന് അതൊരു സാധാരണ മരണമാണെന്ന് തോന്നിയെങ്കിലും ശരീരത്തില്‍ കണ്ട ചില പാടുകള്‍ കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടി.

വൈശാഖും ദിനൂപും സുഹൃത്തുക്കളും തലേ രാത്രി മദ്യപിച്ചിരുന്നു. സുഹൃത്തുക്കളെ ചോദ്യം ചെയ്തെങ്കിലും മൊഴികളില്‍ വൈരുധ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ദിനൂപിന്റെ മൊഴികളിലെ വൈരുധ്യം പോലീസിന്റെ കണ്ണുകള്‍ ദിനൂപിലേക്ക് തിരിച്ചു.

പോസ്റ്റ്മോര്‍ട്ടത്തില്‍ വെള്ളം ഉള്ളില്‍ ചെന്നല്ല മരണമെന്നു തെളിഞ്ഞു. അതോടെ മരണം വെള്ളത്തില്‍ മുങ്ങിയല്ലെന്നും പൊലീസ് ഉറപ്പിച്ചു. അറസ്റ്റിലേക്കു നീങ്ങുമെന്നുറപ്പായതോടെ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് തെളിവെടുത്തു. മദ്യപാനത്തിനിടെ നടന്ന കാര്യങ്ങളെല്ലാം പ്രതി വിശദീകരിച്ചു.

ആന്തരികാവയവങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ മാരകമായ പരുക്കുകളും കണ്ടെത്തി. വൈശാഖിന്റെ ശ്വാസനാളം പൊട്ടിയിരുന്നു. തൈറോയ്ഡ് ഗ്രന്ഥികള്‍ തകര്‍ന്നു. അന്നനാളം കീറുകയും തൊണ്ടക്കുഴി നുറുങ്ങുകയും ചെയ്തിരുന്നു.

കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ആധാരമാക്കിയാണ് കേസ് തെളിയിച്ചത്.