റബിന്‍സ് അബ്ദുല്‍ ഹമീദിനു പിന്നാലെ സ്വര്‍ണകടത്തു കേസിലെ മറ്റു പ്രതികളെയും യു.എ.ഇയില്‍ നിന്ന് നാടുകടത്തിയേക്കും. ഫൈസല്‍ ഫരീദിനെതിരെ ചെക്ക് കേസുകള്‍ നിലവിലുള്ളതിനാല്‍ നാടുകടത്തല്‍ നീണ്ടേക്കുമെന്നാണ് വിവരം.

സ്വര്‍ണക്കടത്തു കേസില്‍ റബിന്‍സ് ഹമീദിനെ വിട്ടുകിട്ടിയ സാഹചര്യത്തില്‍ മറ്റു പ്രതികളെ കൂടി അധികം വൈകാതെ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍.ഐ.എ. ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും അന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ ആശയവിനിമയം തുടരുകയാണ്. അതേ സമയം മുഖ്യപ്രതിയായി എന്‍.ഐ.എ വിലയിരുത്തുന്ന ഫൈസല്‍ ഫരീദ് പൊലിസ് കസ്റ്റഡിയില്‍ തന്നെയാണ്. വിവിധ എമിറേറ്റുകളിലായി നിലവില്‍ മൂന്ന് ചെക്ക് കേസുകളാണ് ഫൈസല്‍ ഫരീദിനെതിരെയുള്ളത്.

സാധാരണ ഗതിയില്‍ ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നേരിട്ടു മാത്രമാകും ഫൈസലിനെ നാടുകടത്തുക. ഫൈസലിനും റബിന്‍സിനും പുറമെ സിദ്ദീഖ് അക്ബര്‍, അഹ്മദ് കുട്ടി, രതീഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്കെതിരെയും ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതായി എന്‍.ഐ.എ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിനിടെ, സ്വര്‍ണ കടത്ത് അന്വേഷണ ഭാഗമായി എന്‍.ഐ.എ സംഘം വീണ്ടും യു.എ.ഇയില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.