തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും വ്യക്തിഹത്യയും തടയാന്‍ ലക്ഷ്യമിട്ട് പോലിസ് നിയമത്തില്‍ വരുത്തിയ ഭേദഗതിയില്‍ ആശങ്കയുണ്ടെന്ന് സിപിഐ മുഖപത്രം. ഈ നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരേ ദുരുപയോഗം ചെയ്യപ്പെടാമെന്ന ആശങ്ക ജനയുഗം മുഖപ്രസംഗം പങ്കുവെക്കുന്നു.

‘പോലിസ് നിയമ ഭേദഗതി; ആശങ്കകള്‍ അവഗണിച്ചുകൂടാ’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം സര്‍ക്കാരിന്റെ തീരുമാനത്തെ പൊതുവേ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍, ഈ നിയമഭേദഗതി ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ക്കും മൗലികാവകാശങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരേ ദുരുപയോഗം ചെയ്യപ്പെടാമെന്ന ആശങ്ക ജനയുഗം മുഖപ്രസംഗം പങ്കുവെക്കുന്നു. വേണ്ടത്ര ചര്‍ച്ച കൂടാതെയാണ് നിയമത്തില്‍ ഭേദഗതിവരുത്തിയതെന്ന് പരോക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ നിലവിലുള്ള നിയമത്തില്‍ വ്യവസ്ഥയുണ്ട്. പോലിസ് ജാഗ്രത പുലര്‍ത്തണമെന്നാണ് ഹൈക്കോടതി വിധിന്യായത്തില്‍ പറഞ്ഞത്. പോലിസിനെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പരാമര്‍ശം ഗൗരവത്തോടെ കണക്കിലെടുത്തില്ല.

സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ ആവശ്യമെങ്കില്‍ കര്‍ശന നിയമ നിര്‍മാണത്തിന് മടിക്കേണ്ടതില്ല. എന്നാല്‍, അത് മൗലികാവകാശങ്ങളെയും ജനാധിപത്യ സ്വാതന്ത്ര്യങ്ങളെയും പരിമിതപ്പെടുത്തരുത്. ക്രിയാത്മകവും ജനാധിപത്യപരവുമായ ചര്‍ച്ചകളിലൂടെ വേണം അത്തരം നിയമങ്ങള്‍ ഉരുത്തിരിയാനെന്നും മുഖപ്രസംഗം പറയുന്നു.