വാളയാറില്‍ മരണപ്പെട്ട കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭ്യമാകണമെന്ന ഉറച്ച തീരുമാനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ഇല്ല. അവര്‍ക്കൊപ്പം തന്നെയാണ് എല്ലാവരുമുള്ളത്. ഒരു വര്‍ഷം മുന്‍പ് അവര്‍ വന്ന് കണ്ടപ്പോഴും ഇക്കാര്യം പറഞ്ഞിരുന്നു. അന്ന് സംസാരിച്ച കാര്യങ്ങള്‍ പാലിക്കാന്‍ തന്നെയാണ് ഇക്കാലയളവില്‍ ശ്രമിച്ചിട്ടുള്ളത്. കേസില്‍ പ്രതികളായവരെ വെറുതെ വിട്ടതിനെതിരായ നിയമപോരാട്ടമാണ് പ്രധാനം. അതിന് സര്‍ക്കാര്‍ തന്നെയാണ് മുന്‍കൈയെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പ്രതികളെ സെക്ഷന്‍സ് കോടതി വിട്ടയച്ചതിനെതിരെ 2019 ല്‍ തന്നെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അതോടൊപ്പം, മരണപ്പെട്ട കുട്ടികളുടെ അമ്മ ഫയല്‍ ചെയ്ത അപ്പീലുകളും ഹൈക്കോടതിയില്‍ നിലവിലുണ്ട്. വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ട പ്രകാരമാണ്. സര്‍ക്കാരിന്റെ ആവശ്യത്തിന്റെ ഗൗരവം മനസിലാക്കിയായിരുന്നു ഹൈക്കോടതി അപൂര്‍വമായ ഇത്തരമൊരു ഇടപെടല്‍ നടത്തിയത്.

വിചാരണ നടത്തി പ്രതികളെ നിരൂപാധികം വിട്ടയച്ച കേസില്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തിക്കാന്‍ നിയമപരമായി സാധിക്കില്ല. എന്നാല്‍, വിചാരണ കോടതിയില്‍ സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് വിചാരണ കോടതിയുടെ വിധി റദ്ദാക്കി പുനര്‍ വിചാരണ സാധ്യമാകുന്ന പക്ഷം തുടര്‍ അന്വേഷണം ആവശ്യപ്പെടാനാകും. ഇതിനാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കാത്തുനില്‍ക്കാം എന്ന സമീപനമല്ല സര്‍ക്കാര്‍ സ്വീകരിച്ചത്. അപ്പീലുകള്‍ ഹൈക്കോടതി പരിഗണിക്കുന്നതിന് സ്വാഭാവിക കാലതാമസം ഉണ്ടാകുന്നുണ്ട്. ഈ കാലതാമസം ഒഴിവാക്കാന്‍ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഒരു അര്‍ജന്റ് മെമ്മോ ഫയല്‍ ചെയ്തു. നവംബര്‍ ഒന്‍പതിന് കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതി നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തീരുമാനങ്ങള്‍ എടുക്കാനാകും.

മറ്റൊന്ന് കേസില്‍ സംബന്ധിച്ച വീഴ്ചകളെ സംബന്ധിച്ചാണ്. ഈ കേസില്‍ വിചാരണ വേളയില്‍ ഉണ്ടായ വീഴ്ച പരിശോധിക്കുന്നതിനായി റിട്ട. ജില്ലാ ജഡ്ജി പി.കെ. ഹനീഫയെ കമ്മീഷണറായി സര്‍ക്കാര്‍ നിയമിച്ചു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അത് നടപടിക്കുറിപ്പുകളോടെ നിയമസഭയുടെ മേശപ്പുറത്ത് വച്ചിട്ടുണ്ട്. വിചാരണക്കോടതിയിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നവരെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ കുറച്ചുകൂടി കര്‍ശന നടപടി സ്വീകരിക്കും. കുട്ടികളുടെ മാതാവ് സര്‍ക്കാരില്‍ വിശ്വാസമാണെന്ന് ഇന്നും പറയുന്നത് കേള്‍ക്കുകയുണ്ടായി. ആ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിന് വേണ്ടി ഇനിയും ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.