ഫ്ലോറിഡ ∙ വോൾസിയ കൗണ്ടി പബ്ലിക് സ്കൂൾ വിദ്യാർഥിയുടെ പാർക്കിങ് പാസ് സ്കൂൾ അധികൃതർ റദ്ദ് ചെയ്തു. ഇതു ചോദ്യം ചെയ്തു ടയ്‍ലർ മാക്സ്‌വെൽ എന്ന വിദ്യാർഥി (18) ഫ്ലോറിഡാ സ്കൂൾ ഡിസ്ട്രിക്ടിനെതിരെ കേസ് ഫയൽ ചെയ്തു.

2016 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്തു മുത്തച്ഛനിൽ നിന്നും ലഭിച്ച ആനയുടെ രൂപം മാക്സ്‌വെൽ പെയ്ന്റ് ചെയ്തു സൂക്ഷിച്ചിരുന്നു. ഈ അനയുടെ രൂപം തന്റെ വാഹനത്തിനു പുറകിൽ മാക്സ്‌വെൽ സ്ഥാപിക്കുകയായിരുന്നു. ആനയുടെ രൂപമുള്ള ട്രക്കുമായിട്ടാണ് വിദ്യാർഥി സ്കൂൾ പാർക്കിങ് ലോട്ടിൽ എത്തിയത്.

സ്കൂളിൽ എത്തി നാലു മണിക്കൂർ കഴിഞ്ഞപ്പോൾ പ്രിൻസിപൽ വിളിപ്പിച്ചു. വാഹനം പാർക്കിങ് ലോട്ടിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതിനെകുറിച്ചു ചോദിച്ചറിയുന്നതിന് പിതാവ് സ്കൂളിൽ എത്തിയെങ്കിലും സ്കൂൾ അധികൃതർ കൂടുതൽ വിശദീകരണം നൽകിയില്ല. പിറ്റേ ദിവസവും മാക്സ്‌വെൽ ട്രക്കുമായി സ്കൂളിൽ എത്തി. അന്നു തന്നെ തന്റെ പാർക്കിങ് പാസ് റദ്ദ് ചെയ്തതായി അറിയിപ്പ് ലഭിച്ചു.

ഇതിനെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഫ്രീഡം ഓഫ് സ്പീച്ചിന്റെ ലംഘനമാണ് സ്കൂൾ അധികൃതർ നടത്തിയിരിക്കുന്നതെന്നാണ് വിദ്യാർഥിയുടെ വാദം. കേസിൽ ഇടപ്പെട്ട കോടതി സ്കൂൾ അധികൃതരുടെ നടപടിക്ക് തല്ക്കാലം സ്റ്റേ നൽകി. അടുത്ത ഉത്തരവ് വരെ ആനയുടെ പ്രതിമ വച്ച വാഹനവുമായി സ്കൂളിൽ വരുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.