തിരുവനന്തപുരം: പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പണം തടസമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നാലര വര്‍ഷത്തിനുളളില്‍ പോലീസിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. അതോടൊപ്പം സാങ്കേതികവിദ്യകൂടി പോലീസിന്റെ ഭാഗമാക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പോലീസിനായി നിര്‍മ്മിച്ച വിവിധ കെട്ടിടങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലീസ് ആസ്ഥാനത്തെ ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് പരിശീലന കേന്ദ്രം, പോലീസ് സ്റ്റുഡിയോ റൂം, തിരുവനന്തപുരത്തെ റെയില്‍വെ പോലീസ് കണ്‍ട്രോള്‍ റൂം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജില്ലാതല പോലീസ് പരിശീലന കേന്ദ്രങ്ങള്‍, ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് എന്നീ പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങള്‍, തൃശ്ശൂര്‍ സിറ്റിയിലെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ സിറ്റി പോലീസ് കോംപ്ലക്‌സിന്റെ തറക്കല്ലിടല്‍ കര്‍മ്മവും ഇന്ന് നടന്നു.

കോവിഡ് വൈറസ് ബാധ തടയുന്നതിന് ആരോഗ്യവകുപ്പിനൊപ്പം ചേര്‍ന്ന് പോലീസ് നടത്തിയ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ സ്വയമേവയാണ് മുന്നോട്ട് വന്നത്. ജനങ്ങളോട് ഇഴുകിച്ചേര്‍ന്നുളള ഇത്തരം പ്രവര്‍ത്തനങ്ങള്‍ പോലീസിന്റെ യശസ് ഉയര്‍ത്തി. സമൂഹത്തിന് ഗുണകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ഒരുക്കിയ സി.സി.ടി.എന്‍.എസ് കേന്ദ്രത്തില്‍ ഒരേസമയം 56 പേര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുന്ന ഇന്ററാക്ടീവ് പാനല്‍ ഉള്‍പ്പെടെയുളള നൂതന സംവിധാനങ്ങളുണ്ട്. പോലീസിന് ആവശ്യമായ ചിത്രങ്ങളും ക്ലാസുകളും ചിത്രീകരിക്കാന്‍ കഴിയുന്നതാണ് പോലീസ് ആസ്ഥാനത്തെ പോലീസ് സ്റ്റുഡിയോ റൂം. ട്രെയിന്‍ യാത്രക്കാര്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ തിരുവനന്തപുരത്ത് ആരംഭിച്ച റെയില്‍വെ പോലീസ് കണ്‍ട്രോള്‍ റൂം സഹായകമാകും.

തൃശ്ശൂരില്‍ നിലവില്‍ വന്ന കേന്ദ്രീകൃത ലോക്കപ്പ് സംവിധാനത്തില്‍ പാര്‍പ്പിക്കുന്ന പ്രതികളുടെ നീക്കങ്ങള്‍ സി.സി.ടി.വി മുഖേന 24 മണിക്കൂറും നിരീക്ഷിക്കാന്‍ കഴിയും. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജില്ലാതല പോലീസ് പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമികവ് വര്‍ദ്ധിപ്പിക്കുന്നതിന് പോലീസിനെ ഏറെ സഹായിക്കും. ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് പോലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് അത്യാധുനിക സംവിധാനങ്ങളോടെയാണ്. 34,500 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന കണ്ണൂര്‍ സിറ്റി പോലീസ് കോംപ്ലക്‌സിന് ഒമ്ബത് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി മാരായ ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, ഐ.ജി പി വിജയന്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് ആസ്ഥാനത്തെ സി.സി.ടി.എന്‍.എസ് പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു.