ദുബായ് : പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ ഉപയോഗിച്ച ഫ്രാന്‍സിനെതിരെ മിഡില്‍ ഈസ്റ്റില്‍ വ്യാപക പ്രതിഷേധം. അടുത്തിടെയാണ് ഫ്രാന്‍സിലെ ഒരു സ്കൂളില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഉപയോഗിച്ചു എന്ന പേരില്‍ സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകന്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് പ്രവാചകനെ നന്ദിച്ചു എന്നാരോപിച്ച്‌ മുസ്ലീം ഭൂരിപക്ഷമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഫ്രാന്‍സിനെതിരെ പ്രതിഷേധം ശക്തമാകുന്നത്.

കുവൈറ്റില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ചു. സൗദി അറേബ്യയില്‍ ഫ്രഞ്ച് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ കാരഫോറിനെ ബഹിഷ്കരിക്കുന്നതിനുള്ള ഹാഷ്‌ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.

കഴിഞ്ഞ ദിവസം ഫ്രഞ്ച് അംബാസിഡറുമായി കുവൈറ്റ് വിദേശകാര്യ മന്ത്രി അഹ്‌മ്മദ് നാസര്‍ അല്‍ – മുഹമ്മദ് അല്‍ – സാബാ കൂടിക്കാഴ്ച നടത്തിയിരുന്നു. പാരീസില്‍ നടന്ന ശിരച്ഛേദത്തെ ഹീനമായ കുറ്റകൃത്യമെന്ന് അപലപിച്ചുവെങ്കിലും പ്രവാചകനെ വെറുപ്പും വിദ്വേഷവും വര്‍ഗീയതയും സൃഷ്ടിക്കുന്ന രാഷ്ട്രീയവും ഔദ്യോഗികവുമായ പരാമര്‍ശങ്ങളിലൂടെ അപമാനിക്കുന്നത് ഉടന്‍ തടയണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.