മുംബൈ: ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ 2021 ജൂണില്‍ അംഗീകാരത്തിന് അപേക്ഷിക്കുമെന്ന് കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സായി പ്രസാദ് അറിയിച്ചു.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് കൊവാക്‌സിന്റെ സ്‌റ്റേജ്-3 പരീക്ഷണത്തിനുള്ള ഒരുക്കത്തിലാണ്. 26,000 വളണ്ടിയേഴ്‌സിനെ ഉള്‍പ്പെടുത്തി അടുത്തമാസം നടക്കുന്ന ടെസ്റ്റില്‍ മരുന്നിന്റെ കാര്യക്ഷമത പരിശേധിക്കും. കഴിഞ്ഞ ആഴ്ചയാണ് ഡ്രഗ് കണ്‍ട്രേളര്‍ ഓഫ് ഇന്ത്യ ഇതിനുള്ള അനുമതി നല്‍കിയത്.

വാക്‌സിന്റെ അടിയന്തര ഉപയോഗത്തെ സംബന്ധിച്ച്‌ സര്‍ക്കാരുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് പ്രസാദ് പറഞ്ഞു. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ പക്കല്‍ ഈ വാക്‌സിനെ സംബന്ധിച്ച എല്ലാ വിവരങ്ങളുമുണ്ടെന്നും അതിനാല്‍ ഏത് സമയത്തും കൊവാക്‌സിന്റെ അടിയന്തര അനുമതി സര്‍ക്കാരിന് നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രയല്‍സടക്കം 400 കോടി മുതല്‍ മുടക്കിലാണ് ഭാരത് ബയോടെക്കിന്റെ വാക്‌സിന്‍ പരീക്ഷണം. ‘ഇന്ത്യ പോലുള്ള വലിയ രാജ്യങ്ങളില്‍ വന്‍തോതിലുള്ള ട്രയല്‍സ് ആവശ്യമാണ്. അധികം ഇന്റര്‍നാഷണല്‍ കമ്പനികളും ഇത്തരം ട്രയല്‍സാണ് ആവശ്യപ്പെടുന്നത്. ഞങ്ങള്‍ക്ക് സുരക്ഷയാണ് മുഖ്യം’- സായി പ്രസാദ് പറഞ്ഞു. അവസാന ട്രയല്‍ വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ ലൈസന്‍സ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.