ഡല്‍ഹി: പെരിയ ഇരട്ടകൊലപാതക കേസ് സി ബി ഐക്ക് വിട്ട സംസ്ഥാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കൂടാതെ കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സി ബി ഐയോട് നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ സി ബി ഐ ഇതുവരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുമില്ല. മറുപടി നല്‍കുന്നതിനായി സി ബി ഐ കൂടുതല്‍ സമയം തേടിയേക്കും.

അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സി ബി ഐ അന്വേഷണം എന്തിനെന്ന ചോദ്യമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. അതേസമയം സി ബി ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഇടപെടില്ലെന്നാണ് കഴിഞ്ഞ തവണ സുപ്രീം കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനാല്‍ കേസ് ഡയറി അടക്കമുള്ള രേഖകള്‍ കേരള പൊലീസ് സിബിഐക്ക് നല്‍കിയിട്ടില്ല