ചിറയിന്‍കീഴ് :∙ തീരദേശപാതയായ പെരുമാതുറ-മുതലപ്പൊഴി പാലത്തില്‍ വീണ്ടും വന്‍കുഴി ഉണ്ടായിരിക്കുകയാണ് . ഇത് നിലവില്‍ വാഹനഗതാഗതത്തിനു ആശങ്കയുണ്ടാക്കുന്നുണ്ട് . ഒരുമാസം മുന്‍പു ഈ പാലത്തില്‍ താഴംപള്ളി ലേലപ്പുരയിലേക്കുള്ള അപ്രോച്ചു റോഡിനു സമാന്തരമായി വന്‍വിള്ളല്‍ രൂപപ്പെട്ടതു വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താഴംപള്ളി ഭാഗത്തു പാലത്തിനു എതിര്‍വശത്തായി വീണ്ടും വന്‍കുഴി രൂപപ്പെട്ടിരിക്കുകയാണ്.

അപ്രോച്ചു റോഡ് കടന്നുപോകുന്ന ഭാഗത്തു ശക്തമായ മഴയില്‍ മണ്ണിടിഞ്ഞു താഴ്ന്നതാണു അപകടകരമായ നിലയില്‍ വീണ്ടും കുഴി ഉണ്ടാകാന്‍ കാരണമെന്ന് തുറമുഖവകുപ്പു അധികൃതര്‍ പറയുന്നു. മല്‍സ്യബന്ധന തുറമുഖം പ്രവര്‍ത്തനക്ഷമമായതോടെ മുതലപ്പൊഴിയിലെത്തുന്ന ചരക്കുവാഹനങ്ങള്‍ക്കു‍ പാലത്തിന്റെ ഒരുവശം കേന്ദ്രീകരിച്ചു പാര്‍ക്കിംങ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ വാഹനങ്ങള്‍ നിരന്തരമായി കടന്നുപോകുന്നിടത്താണു അപകടകരമായ വിള്ളല്‍ ഉണ്ടായിരിക്കുന്നത്.

മുന്‍പ് വിള്ളല്‍ ഉണ്ടായപ്പോള്‍ നാട്ടുകാരിടപെട്ടു പാലത്തിന്റെ ബലപരിശോധന നടത്തണമെന്ന ആവശ്യമുന്നയിച്ചു . എന്നാല്‍ അടിയന്തിരമായി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച മരാമത്ത് വകുപ്പ് പാലത്തിന്റെ കൈവരിയോടു ചേര്‍ന്നു ഇടിഞ്ഞുതാഴ്ന്ന കോണ്‍ക്രീറ്റ് പ്രതലം ഇളക്കിമാറ്റിയ ശേഷം യുദ്ധകാലാടിസ്ഥാനത്തില്‍ റീപ്ളാസ്റ്ററിംങ് പൂര്‍ത്തിയാക്കി മൂന്നുദിവസത്തിനുള്ളില്‍ വാഹനഗതാഗതം ശരിയാക്കുകയാണ് ചെയ്തത് .

ഗതാഗതപ്രാധാന്യമേറിയ പെരുമാതുറ-മുതലപ്പൊഴി പാലം ഗതാഗതത്തിനായി തുറന്നത് 2015ലാണ്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കി പോകാവുന്ന തീരദേശപാതയിലെ മുഖ്യ പാലം കൂടിയാണ് ഇത്. ഉച്ചയോടെ പൊതുമരാമത്ത്-ഹാര്‍ബര്‍ എന്‍ജിനീയറിംങ് വിഭാഗങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടാമതും വിള്ളലുണ്ടായ സാഹചര്യത്തില്‍ ശാസ്ത്രീയപരിശോധനകള്‍ക്കു വിധേയമാക്കാനാണു തീരുമാനിച്ചിരിക്കുന്നത് .