ആറ്റിങ്ങല്‍ :∙ പൂവണത്തുംമൂട് ജംക്‌ഷനില്‍ പാസില്ലാതെ പാറ കയറ്റി വരുകയായിരുന്ന നാല് ലോറികള്‍ റവന്യു ഉദ്യോഗസ്ഥര്‍ പിടികൂടി. തുടര്‍ന്ന് നൂറിലധികം വരുന്ന ലോറി തൊഴിലാളികള്‍ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞു വക്കുകയുണ്ടായി. താലൂക്ക് ഓഫിസിന് മുന്നില്‍ കൂട്ടമായി എത്തി പ്രതിഷേധിക്കുകയും ഡപ്യൂട്ടി തഹസില്‍ദാരെയും സംഘത്തെയും ഗേറ്റില്‍ തടയുകയും ചെയ്ത തൊഴിലാളികളെ പൊലീസ് എത്തി ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു .

തുടര്‍ന്ന് പൂവണത്തുംമൂട് ജംക്‌ഷനിലും ചിറയിന്‍കീഴ് താലൂക്ക് ഓഫിസിന് മുന്നിലും നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധിച്ചതിനു കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയുണ്ടായി. പിടികൂടിയ വാഹനങ്ങള്‍ ജിയോളജി വകുപ്പിനു കൈമാറാനാണ് തീരുമാനം . ഡപ്യൂട്ടി തഹസില്‍ദാര്‍ എസ്. ഗോപകുമാര്‍, സ്ക്വാഡ് അംഗങ്ങളായ എച്ച്‌. ആര്‍ ഫിറോസ്, എസ്. സുനില്‍കുമാര്‍, വി .ടി അനീഷ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് തടഞ്ഞത്. ആറ്റിങ്ങല്‍ ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘമെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു .