3 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരം ചിമ്പു സമൂഹമാധ്യമങ്ങളിലേക്ക് തിരികെ എത്തി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളൊക്കെ താരം റീആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ‘ആത്മന്‍-സിലമ്പരസന്‍’ എന്ന പേരില്‍ ഒരു വിഡിയോ പങ്കുവെച്ചു കൊണ്ടാണ് താരം തിരികെ എത്തിയത്.

2017 സ്വാതന്ത്ര്യ ദിനത്തിലാണ് ചിമ്പു സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഡിആക്റ്റിവേറ്റ് ചെയ്തത്. സമൂഹമാധ്യമങ്ങള്‍ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നു എന്നായിരുന്നു ചിമ്പുവിന്‍്റെ ആരോപണം.

1984ല്‍ ഉറവൈ കാത്ത കിളി എന്ന ചിത്രത്തില്‍ ബാലതാരമായാണ് സംവിധായകനും നടനുമായ ടി രാജേന്ദറുടെ മകന്‍ ചിമ്പു സിനിമയിലെത്തുന്നത്. രാജേന്ദറുടെ സിനിമകളിലാണ് ചിമ്പു അഭിനയം ആരംഭിച്ചത്. 2002ല്‍ രാജേന്ദര്‍ തന്നെ സംവിധാനം ചെയ്ത കാതല്‍ അഴിവതില്ലൈ എന്ന ചിത്രത്തില്‍ ആദ്യമായി നായക കഥാപാത്രമായി. പിന്നീട് ഏതാനും ചില സിനിമകളില്‍ കൂടി നായകവേഷം ചെയ്ത ചിമ്പു ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറെ അഭിനന്ദിക്കപ്പെട്ടു.