തിരുവനന്തപുരം: യുഡിഎഫിനും ബിജെപിക്കും മുമ്ബ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ്. സിപിഎം സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മല്‍സരിക്കേണ്ട എന്നാണ് ധാരണ. മികച്ച പ്രകടനം നടത്തിയ കൗണ്‍സിലര്‍മാര്‍ക്ക് ബിജെപി വീണ്ടും അവസരം നല്‍കും. ഡിസിസി അംഗങ്ങളടക്കം പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ മല്‍സരരംഗത്തുണ്ടാകും. സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ സജീവമായതോടെ തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ചൂടിലായി.

മേയര്‍ സ്ഥാനത്തേക്ക് സിപിഎം ജില്ലാകമ്മിറ്റി അംഗങ്ങളായ എം ജി മീനാംബികയും, പുഷ്പലതയുമാണ് പരിഗണനയില്‍. പല ജനറല്‍ സീറ്റുകളിലും വനിതകളെ നിര്‍ത്താനാണ് സിപിഎം നീക്കം. സംസ്ഥാനത്തെ വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന തിരുവനന്തപുരം നഗരസഭയില്‍ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്ബ് തന്നെ രംഗത്തിറിക്കുകയാണ് സിപിഎം. എല്‍ഡിഎഫ് 44, ബിജെപി 34, യുഡിഎഫ് 21 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഇത്തവണയും സീറ്റ് നിര്‍ണയ ചര്‍ച്ചകളില്‍ മുന്നില്‍ ഇടതുമുന്നണിയാണ്. ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിക്കും. മേയര്‍ കെ.ശ്രീകുമാര്‍ മല്‍സരിക്കുന്നെങ്കില്‍ ഇത്തവണ കരിക്കകം വാര്‍ഡിലായിരിക്കും. മേയര്‍ സ്ഥാനം വനിതയ്ക്കായതിനാല്‍ സിപിഎം സംസ്ഥാന സമിതിയംഗം അടക്കം മല്‍സരിക്കുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും സിപിഎം കേന്ദ്രങ്ങള്‍ നിഷേധിച്ചു.

100 സീറ്റുകളുള്ള നഗരസഭയില്‍ 72സീറ്റുകളില്‍ സിപിഎം മത്സരിക്കാനാണ് ധാരണ. പുതുതായി മുന്നണിയിലെത്തിയ ജോസ് വിഭാഗത്തിനും മൂന്ന് സീറ്റ് നല്‍കിയേക്കും. സിപിഎം സ്ഥാനാര്‍ഥികളാരെന്നറിയാന്‍ കാത്തിരിക്കുകയാണ് ബിജെപി. കോര്‍പറേഷന്‍ സ്ഥിരം സമിതിയില്‍ അംഗങ്ങളായ വനിതകളില്‍ ഒരാളെ ഭരണം കിട്ടിയാല്‍ മേയറാക്കാനാണ് ആലോചന. മികച്ച പ്രകടനം നടത്തിയ കൗണ്‍സിലര്‍മാരെ അവരുടെ വാര്‍ഡിലോ പുതിയ വാര്‍ഡുകള്‍ പിടിച്ചെടുക്കാനോ നിയോഗിക്കും. സര്‍ക്കാരിനെതിരായ സമരങ്ങളില്‍ വീറു കാണിച്ച വനിതകളും പരിഗണനയിലുണ്ട്.

സ്ഥാനാര്‍ഥി നിര്‍ണയം പാളിയതാണ് കഴിഞ്ഞ തവണത്തെ തിരിച്ചടിക്കു കാരണമെന്ന് വിലയിരുത്തുന്ന ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇത്തവണ വാര്‍ഡ് സമിതികളുടെ നിര്‍ദേശങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. കോര്‍പറേഷന്‍ പരിധിയില്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ പരിഗണിക്കണമെന്നാണ് നിര്‍ദേശം. ഘടകകക്ഷികള്‍ക്കിടയില്‍ സീറ്റുവിഭജനം രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും. ഈ മാസം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.