അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 83,000ല്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍. 945 മരണവും റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ മധ്യത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 77,000 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്. യുഎസില്‍ ഇതുവരെ 8,493,747 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 223,995 പേര്‍ കോവിഡ് ബാധിതരായി മരിച്ചു.

സെപ്റ്റംബര്‍ പകുതിക്കുശേഷം രോഗബാധിതരുടെ എണ്ണത്തില്‍ ക്രമാതീത വര്‍ധനയാണുണ്ടായിരിക്കുന്നത്. കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. നിലവില്‍ 2,819,607 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ടെക്‌സസ് ആണ് മുന്നില്‍. 903,286 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. കാലിഫോണിയ 900,483, ഫ്‌ളോറിഡ 771,780, ന്യൂയോര്‍ക്ക് 528,066, ഇല്ലിനോയി 368,746 എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം. മരണസംഖ്യയില്‍ ന്യൂയോര്‍ക്കാണ് മുന്നില്‍. ഇതുവരെ 33,549 പേരാണ് മരിച്ചത്. ടെക്‌സസ് 17,954, കാലിഫോണിയ 17,317, ന്യൂജേഴ്‌സി 16,398, ഫ്‌ളോറിഡ 16,349 എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങള്‍.

കോവിഡ് മരണം കുറഞ്ഞിട്ടുണ്ടെങ്കിലും മരണനിരക്ക് മറ്റു രോഗങ്ങളെ അപേക്ഷിച്ച്‌ ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. കോവിഡ് മുക്തരായവരിലെ ആരോഗ്യ പ്രശ്‌നങ്ങളും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.