ആലുവ : കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരണപ്പെട്ട മൃതദേഹം പി.പി.ഇ. കിറ്റ് ധരിക്കാതെ ആലുവയില്‍ വീണ്ടും സംസ്കരിക്കുകയുണ്ടായി. രണ്ടാമത്തെ തവണയാണ് ആലുവയില്‍ പി.പി.ഇ. കിറ്റ് ധരിക്കാതെ മരണാനന്തര ചടങ്ങുകള്‍ നടത്തിയിരിക്കുന്നത്. ആലുവ സിറിയന്‍ ചര്‍ച്ച്‌ റോഡില്‍ പി.വി. വര്‍ഗീസ് (84) കൊറോണ വൈറസ് രോഗ ബാധിതനായതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്.

പുതിയ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ കൈയുറയും മാസ്കും മാത്രം ധരിച്ചാണ് സംസ്കാരത്തിന് യുവജന സംഘടനാ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയിരിക്കുന്നത്. ആലുവ നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, ആലുവ ജില്ലാ ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ഐ. സിറാജ്, ഡി.വൈ.എഫ്.ഐ. ആലുവ ബ്ലോക്ക് സെക്രട്ടറി എം.യു. പ്രമേഷ്, ചൂര്‍ണിക്കര മേഖലാ സെക്രട്ടറി മനോജ് ജോയ്, എ.എസ്. ടിജിത്ത്, സി.കെ. അജി എന്നിവരാണ് സംസ്കാര ചടങ്ങിന് നേതൃത്വം നല്‍കിയത്.