അനിൽ മറ്റത്തികുന്നേൽ

ചിക്കാഗോ: ചിക്കാഗോ നഗരം ഉൾപ്പെടുന്ന ഇല്ലിനോയി സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രങ്ങളുമായി അധികൃതർ മുന്നോട്ട്. ഈ കഴിഞ്ഞ വാരത്തിൽ ശരാശരി 4000 കോവിഡ് 19 പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജാഗ്രതയിലാണ് അധികൃതർ. ആശുപത്രികൾ വീണ്ടും കോവിഡ് രോഗികളെ കൊണ്ട് നിറയുന്ന സാഹചര്യത്തിൽ , ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങിവരികയായിരുന്ന ജനജീവിതം , വീണ്ടും നിയന്ത്രണങ്ങൾക്ക് വിധേയമാവുകയാണ്. ചിക്കാഗോ ഉൾപ്പെടുന്ന കൂക്ക് കൗണ്ടി, ചിക്കാഗോയുടെ പരിസര പ്രദേശങ്ങൾ ഉൾപ്പെടുന്ന കെയ്ൻ കൗണ്ടി, മക്കൻറി കൗണ്ടി, വിൽ കൗണ്ടി എന്നീ കൗണ്ടികളിൽ ഉൾപ്പെടെ 102 രണ്ടിൽ ഏതാണ്ട് പകുതിയോളം കൗണ്ടികളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഏകദേശം എൺപതിനായരത്തിലധകം ടെസ്റ്റുകൾ ഓരോ ദിവസം നടത്തുന്ന സാഹചര്യത്തിലാണ് 5.6 % പോസിറ്റിവിറ്റി റേറ്റോട് കൂടി നാലായിരത്തോളം കേസുകൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി ചിക്കാഗോ നഗരത്തിൽ രാത്രി 10 മാണി മുതൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം റസ്റ്റോറന്റുകൾ അല്ലാത്ത ബാറുകൾക്കുള്ളിൽ നൽകിയിരുന്ന സേവനങ്ങൾക്കും ആറ്  പേരിൽ കൂടുതലുള്ള സാമൂഹ്യ കൂട്ടായ്‌മകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.  ഇല്ലിനോയി സംസ്ഥാനത്തിന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി പല കൗണ്ടികളിലും 10 പേരിൽ കൂടുതലുള്ള പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഈ കഴിഞ്ഞ വാരത്തിൽ 1400 പുതിയ കോവിഡ് രോഗികളാണ് ഇല്ലിനോയിലെ വിവിധ നേഴ്സിങ്ങ് ഹോമുകളിൽ നിന്ന് മാത്രമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 131 നേഴ്സിങ്ങ് ഹോം അന്തേവാസികൾ കൂടി കഴിഞ്ഞ വാരത്തിൽ മരണപ്പെട്ടപ്പോൾ, ഇല്ലിനോയി സംസ്ഥാനത്ത് നേഴ്സിങ്ങ് ഹോമുകളിലെ കോവിഡ് മരണങ്ങളുടെ ആകെയുള്ള എണ്ണം 5000 കഴിഞ്ഞു. ഇത് ഇല്ലിനോയി സംസ്ഥാനത്ത് ഉണ്ടായ കോവിഡ് മരണങ്ങളിൽ പകുതിയിലധികം വരും.