ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ വിതരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ച്‌ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് വാക്സിനുകളുടെ പരീക്ഷണം വിവിധ ഘട്ടങ്ങളിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി .

രാജ്യത്ത് വാക്സിന്‍ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകുമെന്നാണ് സൂചന. ജൂലൈ മാസത്തോടെ 20-25 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായാവും വാക്‌സിന്‍ നല്‍കുകയെന്ന് ഇതുസംബന്ധിച്ച ഉന്നതതല യോഗങ്ങളില്‍ പങ്കെടുത്ത ഒഡീഷയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ അടുത്ത വെള്ളിയാഴ്ചയ്ക്ക് മുന്‍പായി കൈമാറണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ ഭാരത് ബയോടെക്കിന്‍്റെ കൊറോണ വാക്സിനായ കൊവാക്സിന് മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് ഡിസിജിഎ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാണ ശേഷിയുള്ള രാജ്യമായതിനാല്‍ വിവിധ രാജ്യങ്ങള്‍ ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.