ബോളിവുഡില്‍ നാല് പതിറ്റാണ്ടിലധികമായി അനില്‍ കപൂര്‍ എന്ന നടന്‍ തിളങ്ങിനില്‍ക്കുകയാണ്. നിരവധി സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അനില്‍ കപൂര്‍. ചിത്രങ്ങളെല്ലാം മികച്ചതാകുന്നതിനോടൊപ്പം പുരുഷസൗന്ദര്യ സങ്കല്‍പങ്ങളോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന അനില്‍ കപൂറിന്റെ രൂപത്തിനും ആരാധകര്‍ ഏറെയായിരുന്നു. പ്രായം ഇന്ന് 63 ആയെങ്കിലും ഇന്നും ബോളിവുഡ് ആഘോഷമാക്കുന്ന നടന്‍ തന്നെയാണ് അനില്‍ കപൂര്‍.

തിരക്കുകള്‍ക്കിടയിലും ഫിറ്റ്നസ് ദിനചര്യകള്‍ ശ്രദ്ധിക്കുന്ന താരമാണ് അനില്‍ കപൂര്‍. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പലപ്പോഴും പങ്കുവെക്കുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. ഷര്‍ട്ട് ധരിക്കാതെ കടല്‍ത്തീരത്ത് നടക്കുന്ന ചിത്രങ്ങളാണ് അനില്‍ കപൂര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പ്രായത്തെ വെറും സംഖ്യയാക്കി മാറ്റുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ 63കാരനെന്നാണ് ആരാധകര്‍ പറയുന്ന വാക്കുകള്‍.

ഭക്ഷണം തന്റെ ഏറ്റവും വലിയ ദൗര്‍ബല്യമാണെന്നും ഭക്ഷണശീലത്തെ നിയന്ത്രിക്കാന്‍ കപൂര്‍ കുടുംബം മുഴുവന്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നും അനില്‍ ചിത്രത്തോടൊപ്പം പങ്കുവച്ചു. ‘എല്ലാവര്‍ക്കും ഉണ്ട് ദൗര്‍ബല്യങ്ങള്‍. എന്റേത് ഭക്ഷണമാണ്. എന്നിലെ പഞ്ചാബി പയ്യന്‍ ഇത് കൂട്ടി കൊണ്ടെ ഇരുന്നു. എന്റെ കണ്ണുകള്‍ എല്ലായ്‌പ്പോഴും എന്റെ വയറിനേക്കാള്‍ വലുതാണ്. ലോക്ക്ഡൗണ്‍ സമയത്താണ് രൂപത്തില്‍ മാറ്റം വരുത്തണമെന്ന് തീരുമാനിച്ചത്. അതിനായി ഞാന്‍ എന്നെ തന്നെ സജ്ജമാക്കി. ഈ പുതിയ രൂപത്തിന് ഭക്ഷണത്തിനോട് ഒരു പുതിയ സമീപനം ആവശ്യമാണ്. ഇത് എളുപ്പമാണോ? എല്ലായ്‌പ്പോഴും അല്ല’ അനില്‍ കപൂറിന്റെ കുറിപ്പ്.