സംസ്ഥാനത്ത് ഇന്ന് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചിട്ടും പോസിറ്റിവിറ്റി നിരക്കിൽ കുറവ്. 64,789 സാമ്പിളുകൾ പരിശോധിച്ചതിൽ 8511 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് നേരിയ ആശ്വാസത്തിന് വകനൽകുന്നതാണ്. 26 മരണങ്ങൾക്കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ആശങ്കക്കിടയിലും നേരിയ ആശ്വാസം പകരുന്നതാണ് ഇന്നത്തെ കണക്കുകൾ. 64,789 സാമ്പിളുകൾ പരിശോധിച്ചിട്ടും രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്താത്തത് ശുഭസൂചനയാണ്. വരുംദിവസങ്ങളിലെ സാഹചര്യവും നിർണായകമാകും. 13.13 ശതമാനമാണ് ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത് 8511 പേർക്കാണ്. ഇവരിൽ 7269 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പർക്ക ഉറവിടം വ്യക്തവുമല്ല. 82 ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. രണ്ടു ജില്ലകളിൽ മാത്രമാണ് ഇന്ന് ആയിരത്തിന് മുകളിൽ രോഗികളുളളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മരണങ്ങളിൽ 26 എണ്ണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 1281 ആയി. ചികിത്സയിലായിരുന്ന 6118 പേർ ഇന്ന് രോഗമുക്തരാവുകയും ചെയ്തു. സംസ്ഥാനത്ത് ഇനി ചികിത്സയിൽ തുടരുന്നത് 95,657 പേരാണ്. ഇതിനോടകം 2,80,793 പേർ രോഗമുക്തരായി. 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണ് ഇന്നുള്ളത്. 14 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 616 ആയി.