തിരുവനന്തപുരം ; ലൈസന്‍സില്ലാതെ കേക്കും,ഭക്ഷ്യ വസ്തുക്കളും വീടുകളില്‍ ഉണ്ടാക്കി വിതരണം ചെയ്യുന്നവരെ പിടികൂടാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് . ലൈസന്‍സും രജിസ്ട്രേഷനുമില്ലാതെ ഭക്ഷ്യ സാധനങ്ങളുടെ വില്‍പ്പന നടത്തിയാല്‍ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും.

കൊറോണ കാലത്ത് ജോലി നഷ്ടപ്പെട്ടവര്‍ ഇത്തരത്തില്‍ വീടുകളില്‍ പലഹാരങ്ങള്‍ ഉണ്ടാക്കി വിപണിയില്‍ എത്തിച്ച്‌ കുടുംബം പുലര്‍ത്തിയിരുന്നു . ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് നിരീക്ഷണം .

ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ 5 ലക്ഷം വരെ പിഴയും 6 മാസം വരെ തടവും , മായം ചേര്‍ത്ത ആഹാരം വിറ്റാല്‍ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച്‌ ജയില്‍ ശിക്ഷയും പിഴയും , ലേബല്‍ ഇല്ലാതെ വില്‍പ്പന നടത്തിയാല്‍ 3 ലക്ഷം പിഴ, ഗുണമേന്‍മയില്ലാതെ വില്‍പന നടത്തിയാല്‍ 5 ലക്ഷം പിഴ – ഇങ്ങനെയാണ് പിഴയുടെ വിവരങ്ങള്‍ .വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും.
2011 ഓഗസ്റ്റ് 5ന് ഇതുസംബന്ധിച്ച നിയമം വന്നെങ്കിലും കൊറോണ കാലത്താണ് ഇതിനെക്കുറിച്ചു കൂടുതല്‍ പേര്‍ മനസിലാക്കി തുടങ്ങിയത്. മാര്‍ച്ചിനുശേഷം 2300 റജിസ്റ്റേഷനാണ് നടന്നത്. 12 ലക്ഷം രൂപയ്ക്കു മുകളില്‍ കച്ചവടം ഉണ്ടെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. അതിനു താഴെയാണെങ്കില്‍ രജിസ്ട്രേഷന്‍ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.