വാളയാര്‍ കേസന്വേഷണം വീണ്ടും വിവാദത്തില്‍. പൊലീസിനെതിരെ പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തി.
കേസില്‍ മൊഴിയെടുത്ത പൊലീസ് താന്‍ പറഞ്ഞതല്ല എഴുതിയതെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
കേരള പൊലീസ് അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.

വാളയാര്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ഹൈക്കോടതി തയ്യാറായ പശ്ചാത്തലത്തിലാണ് പൊലീസിനെതിരെ ആരോപണവുമായി പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയത്. മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ അവര്‍ ആരോപണം ഉയര്‍ത്തി. താന്‍ പറഞ്ഞ കാര്യങ്ങളല്ല പൊലീസ് ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയതെന്ന് അവര്‍ പറഞ്ഞു. കേരള പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല. നീതി ലഭിക്കണമെന്നും അവര്‍ പറഞ്ഞു.

വാളയാര്‍ കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് വീഴ്ച തുറന്നു സമ്മതിച്ചത്. കേസില്‍ പുനര്‍വിചാരണ വേണമെന്നും സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വാദം കേള്‍ക്കാന്‍ ഹൈക്കോടതി തയ്യാറായത്.

പതിമൂന്നും ഒന്‍പതും വയസുള്ള പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി പോക്സോ കോടതി ആറ് കേസുകളിലായി നാല് പ്രതികളെ വെറുതെ വിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നാല് പ്രതികളെയും വെറുതെ വിട്ട് വിചാരണക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നവംബറിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളും അപ്പീല്‍ നല്‍കിയിരുന്നു.