കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് കൂടുതല്‍ ജീവനക്കാരുടെ മൊഴിയെടുക്കാന്‍ പൊലീസ്. ചികിത്സാ പിഴവ് മൂലം കൊവിഡ് രോഗി മരിച്ചെന്ന നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് മൊഴിയെടുക്കുന്നത്. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.

മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിപ്പെടുത്തിയ നഴ്‌സിംഗ് ഓഫീസര്‍ ജലജാ ദേവിയുടെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കളമശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ജലജാ ദേവിയുടെ കടുത്തുരുത്തിയിലുള്ള വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. മറ്റ് ജീവനക്കാരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

ആശുപത്രിയിലെ ചികിത്സാ വീഴ്ച ചൂണ്ടിക്കാട്ടി ജലജാ ദേവി മറ്റ് ജീവനക്കാര്‍ക്ക് അയച്ച ശബ്ദസന്ദേശം വിവാദമായിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗി ഹാരിസ് മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയാണെന്നായിരുന്നു ജലജാ ദേവി പറഞ്ഞത്. ഇത്തരത്തില്‍ മറ്റ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ ഇടപെട്ടാണ് ഇത് ഒതുക്കിതീര്‍ത്തതെന്നും അവര്‍ പറഞ്ഞു. ഇതിന് പിന്നാലെ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ നജ്മ സലീമും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.