ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കാനുള്ള കരട് ബില്ലിന് പാക് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പാകിസ്താന്റെ നടപടി.

പാക് പാര്‍ലമെന്റിന്റെ നിയമ-നീതിന്യായ സ്റ്റാന്‍ഡിംഗ് കമ്മറ്റിയാണ് ബില്ലിന്റെ കരട് രൂപം അംഗീകരിച്ചത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് നടപടി. ‘ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് (റിവ്യൂ ആന്റ് റീകണ്‍സിഡറേഷന്‍) ഓര്‍ഡിനന്‍സ്’ എന്ന കരട് ബില്ലാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗീകരിച്ചത്. അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ബില്‍ അവതരിപ്പിച്ചതെന്ന് നിയമ മന്ത്രി ഫറോഗ് നസീം പറഞ്ഞു. ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചില്ലെങ്കില്‍ പാകിസ്താന് അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഉപരോധം നേരിടേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാരവൃത്തി, ഭീകരവാദം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിരമിച്ച ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ 2017 ഏപ്രിലില്‍ പാകിസ്താന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.