സ്പ്രിംക്ലർ കരാറിൽ വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാർ നിയോഗിച്ച ഉന്നത സമിതിയുടെ റിപ്പോർട്ട്. സർക്കാർ നിയമോപദേശം തേടാത്തത് വീഴ്ചയാണ്. വിവരച്ചോർച്ച കണ്ടെത്താൻ സർക്കാരിന് ശാസ്ത്രീയ സംവിധാനങ്ങളില്ല. 1.84 ലക്ഷം പേരുടെ വിവരങ്ങൾ സ്പ്രിംക്ലറിന് ലഭ്യമായതായും മാധവൻ നമ്പ്യാർ-ഗുൽഷൻ റോയി എന്നിവരടങ്ങിയ സമിതി റിപ്പോർട്ടിൽ പറയുന്നു.

23 പേജുള്ളതാണ് റിപ്പോർട്ട്. കരാറിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സഹായം വാഗ്ദാനം ചെയ്ത് സർക്കാറിനെ സമീപിച്ചത് സ്പ്രിംക്ലറാണെന്നും കരാറിൽ ഒപ്പിട്ടത് അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണെന്നും റിപ്പോർട്ടിൽ പറയുന്നു.

1.8 ലക്ഷം പേരുടെ ഡാറ്റ സ്പ്രിൻക്ലറിന് ലഭ്യമായി. ഇത് 10 ദിവസത്തിനകം സി-ഡിറ്റിന്റെ സർവറിലേക്ക് മാറ്റി. വിവരച്ചോർച്ച കണ്ടെത്താൻ സർക്കാരിന് സംവിധാനങ്ങളില്ല. പക്ഷേ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ നഷ്ടമായിട്ടില്ല എന്നും സമിതി പറയുന്നു. വിവര സുരക്ഷ ഉറപ്പാക്കാൻ എട്ടിന നിർദേശങ്ങളും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്