കണ്ണൂര്‍: അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്‍റെ മൊഴിയെടുത്തു. ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിഅബ്ദുള്‍ കരീം ചേലേരിയുടെ മൊഴിയും രേഖപ്പെടുത്തി. രാവിലെ 9മണിയോടെ കോഴിക്കോട് ഇഡി നോര്‍ത്ത് സോണ്‍ ഓഫീസില്‍ എത്തിയ അബ്ദുല്‍ കരീം ചേലേരിയുടെ മൊഴിയെടുക്കല്‍ 8 മണിക്കൂറിലധികം നീണ്ടു.

വൈകിട്ട് മൂന്നിനെത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് രാത്രി എട്ടിനാണ് മടങ്ങിയത്. ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണോ എംഎല്‍എ പണം വാങ്ങിയതെന്നാണ് ഇഡി പരിശോധിക്കുന്നത്. ഇ.ഡിയുടേത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് പറഞ്ഞ കെ.പി.എ.മജീദ് പാര്‍ട്ടിയുടെ പങ്കിനെക്കുറിച്ച്‌ വ്യക്തത വരുത്താന്‍ തയ്യാറായില്ല. പറയാനുള്ളതെല്ലാം ഇഡിയോട് പറഞ്ഞിട്ടുണ്ടെന്ന് മജീദ് പറഞ്ഞു. ആരോപണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നായിരുന്നു മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരിയുടെ മറുപടി. ഇഡിയുടെ ചോദ്യങ്ങള്‍ക്കെല്ലാം വിശദമായ മറുപടി പറഞ്ഞിട്ടുണ്ടെന്നും കരീം വ്യക്തമാക്കി.

2014 ല്‍ അഴീക്കോട് സ്കൂളിന് പ്ലസ് അനുവദിച്ച്‌ കിട്ടാന്‍ കെഎംഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലെ സാന്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 31 ല്‍ അധികം പേര്‍ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. കെ.എം ഷാജി എംഎല്‍എയെ അടുത്ത മാസം 10ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കോഴ ആരോപണം ആദ്യം ഉയര്‍ത്തിയ മുസ്ലിം ലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയില്‍ നിന്ന് ഇഡി കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.