ദു:ഖമുറഞ്ഞൊരു വെൺശിലയായി
മാറിനീ ഉള്ളിൽ
വലിഞ്ഞുമുറുകി പൊട്ടിയ ധമനികൾ
ചുവപ്പിച്ചുവോ നിന്റെ ചിന്തകളെ
ചുവപ്പിന്റെ രാശികൾ പൊട്ടുകുത്തിയ
നെറ്റിത്തടത്തിലെ വിയർപ്പു തുള്ളികൾ
വെള്ള വസ്ത്രത്താൽ തുടച്ചുമാറ്റവേ
മുറിഞ്ഞുവോ നിൻ ശിലാഹൃദയം
വരണ്ടുണങ്ങിയ ചുണ്ടുകളിൽ
പ്രണവമന്ത്രം നിറഞ്ഞു നിന്നുവോ
വെയിൽ ചാഞ്ഞ പകലിൽ ചുടല-
പറമ്പിലേക്കുള്ള യാത്രയിൽ
വെള്ളപ്പുതപ്പിൽ പൊതിഞ്ഞ ചലനം
നിലച്ച എൻ ഹൃദയത്തിനു മുകളിൽ
നീ വച്ച ചുവന്ന പനിനീർപ്പൂക്കൾ
എന്നോടുള്ള പ്രണയത്തിന്റെ അവശിഷ്ടമോ?
നിന്റെ നിശ്വാസങ്ങളും ഗദ്ഗദങ്ങളും
എന്റെ കാതുകളിൽ നിറച്ചു ഞാൻ
യാത്രയാകുമ്പോൾ ഒരു യാത്രാമൊഴി..
വേര്പൊട്ടി പടർന്നു വീണ മരങ്ങൾക്കിടയിൽ
ഒരു തായ് വേരിന്റെ സാന്ത്വനമായ് നീ വേണം
പടർന്ന് പന്തലിക്കും നിൻചില്ലകളിൽ ചുവന്ന
പൂക്കളായ് വീണ്ടുമെന്നാത്മാവിനു പറന്നിറങ്ങാൻ..

ദേവി