ആദ്യകാല ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു (80) ഫോര്‍ട്ടുകൊച്ചിയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ പിന്നണി ഗാനരംഗത്തേയ്ക്ക് കടന്നുവന്ന സീറോ ബാബു 300ല്‍ അധികം ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കബറടക്കം എറണാകുളം നോര്‍ത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

ഫോര്‍ട്ടുകൊച്ചി സ്വദേശിയായ കെ ജെ മുഹമ്മദ് ബാബു എന്ന നാടക ഗായകന്‍ സിനിമാ രംഗത്തേയ്ക്ക് എത്തുന്നത് 1964ലാണ്. പതിനെട്ടാം വയസിലായിരുന്നു രംഗപ്രവേശം.

മുഹമ്മദ് ബാബു ‘സീറോ ബാബു’ ആയ കഥ:

അതിന് മുന്‍പേ മുഹമ്മദ് ബാബുവിന്റെ പേരിന് അലങ്കാരമായി സീറോ ബാബു എന്ന വിശേഷണം ആരാധകര്‍ നല്‍കിയിരുന്നു. അതിന് പിന്നില്‍ ഒരു കഥയുണ്ട്. പി ജെ ആന്റണിയുടെ ‘ദൈവവും മനുഷ്യനും’ എന്ന നാടകത്തിലെ ഹിറ്റായ ‘ഓപ്പണ്‍ സീറോ വന്നുകഴിഞ്ഞാല്‍വാങ്ങും ഞാനൊരു മോട്ടോര്‍കാര്‍’ എന്ന ഗാനം ആലപിച്ചത് മുഹമ്മദ് ബാബുവാണ്. അതു വന്‍ ഹിറ്റായി. പിന്നീട് ഗാനമേള വേദികളില്‍ ബാബു എത്തിയാല്‍ ‘ഓപ്പണ്‍ സീറോ’ പാട്ടു പാടണം എന്നായി ആവശ്യം. ഒടുവില്‍ ഗായകന്റെ പേര് തന്നെ മാറി.

കെ ജെ ബാബുവെന്ന ഗായകന്റെ, അഭിനേതാവിന്റെ, സംഗീതസംവിധായകന്റെ സര്‍ നെയിമായി സീറോ. പിന്നീടങ്ങോട്ട് അദ്ദേഹം അറിയപ്പെട്ടത് സീറോ ബാബു എന്നാണ്.

പേര് സീറോ ആയിരുന്നെങ്കില്‍ പാടിയ ഗാനങ്ങളുടെ കണക്ക് എണ്ണിയാല്‍ തീരില്ല. കുടുംബിനി എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. പിന്നീട് ഭൂമിയിലെ മാലാഖ, പോസ്റ്റുമാന്‍, സ്റ്റേഷന്‍ മാസ്റ്റര്‍, ലവ് ലെറ്റര്‍….. അങ്ങനെ മുന്നൂറോളം ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു. അതിനിടെ രണ്ട് സിനിമകളില്‍ അഭിനയിക്കുകയും ആറ് സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.

എണ്‍പതുകളുടെ അവസാനം ചലച്ചിത്ര ഗാനരംഗത്ത് നിന്ന് പിന്നോട്ടു പോയെങ്കിലും സംഗീത സുരഭിലമായ ഒരു കാലത്തെ പാട്ടോര്‍മകളായിരുന്നു സീറോ ബാബുവിന്റെ മനസ് മുഴുവന്‍. മട്ടാഞ്ചേരിയുടെയും അവിടുത്തെ സംഗീത ചരിത്രത്തെയും കൂടെയുള്ള സമകാലീന ഗായകരെയും എല്ലാം അടയാളപ്പെടുത്തുന്നു ഈ അനശ്വര ഗായകന്‍.