കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞ സികെ ഹാരിസിന്റെ മരണം ആരോഗ്യമേഖലയെ പിടിച്ചുലയ്ക്കുന്നു. നഴ്സിംഗ് ഓഫീസറുടെ വോയിസ് ക്ലിപ്പില്‍ പറയുന്നത് ശരിവെച്ച്‌ ജൂനിയര്‍ ഡോക്ടര്‍ നജ്മ സലിം രംഗത്തെത്തിയതോടെ ആശുപത്രി അധികൃതര്‍ പ്രതിരോധത്തിലായി.

വെന്റിലേറ്റര്‍ ട്യൂബ് മാറിക്കിടന്നതിനാല്‍ ഓക്സിജന്‍ ലഭിക്കാതെ ഹാരിസ് മരിച്ചതെന്ന് നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലിനെ അനുകൂലിച്ചാണ് ഡോക്ടര്‍ നജ്മ രംഗത്തെത്തിയത്. ആര്‍ട്സ് മരിക്കുന്ന സമയത്ത് താന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ലെങ്കിലും, ഇതു പോലെ മറ്റ് രണ്ട് രോഗികള്‍ സമാനരീതിയില്‍ ഓക്സിജന്‍ ലഭിക്കാതെ പ്രയാസപ്പെട്ടിരുന്നതിന് താന്‍ സാക്ഷിയാണെന്നു നജ്മ വെളിപ്പെടുത്തി. ഇവരില്‍ ഒരാള്‍ ജമീലയാണ്. ജമീല ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടു ചെല്ലുമ്പോള്‍ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഡ്യൂട്ടി നഴ്സുമാരെ ഇക്കാര്യമറിയിച്ചെങ്കിലും പെട്ടെന്നു തന്നെ പരിഹാരം കാണുന്നതില്‍ വീഴ്ചയുണ്ടായി.

ഈ അനാസ്ഥയെപ്പറ്റി മുതിര്‍ന്ന ഡോക്ടര്‍മാരെയും ആശുപത്രി അധികൃതരെയും താന്‍ അറിയിച്ചെങ്കിലും ‘പ്രശ്നമാക്കേണ്ട’ എന്നായിരുന്നു മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമെന്നും നജ്മ വെളിപ്പെടുത്തുന്നു. നഴ്സിംഗ് ഓഫീസറുടെ ശബ്ദസന്ദേശത്തിലുള്ള കാര്യങ്ങള്‍ അസത്യമല്ല, തനിക്കെതിരെ നടപടി പ്രതീക്ഷിച്ചു തന്നെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്നും നജ്മ വ്യക്തമാക്കി.