ഡൽഹി ക്യാപിറ്റൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് അനായാസ ജയം. 5 വിക്കറ്റിനാണ് പഞ്ചാബ് ടേബിൾ ടോപ്പർമാരെ കീഴ്പ്പെടുത്തി സീസണിലെ തുടർച്ചയായ മൂന്നാം ജയം കുറിച്ചത്. 165 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 19 ഓവറിൽ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 53 റൺസെടുത്ത നിക്കോളാസ് പൂരാനാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ഗ്ലെൻ മാക്സ്‌വെൽ (32), ക്രിസ് ഗെയിൽ (29) എന്നിവരും പഞ്ചാബിനായി തിളങ്ങി.

പതിവിനു വിപരീതമായി ലോകേഷ് രാഹുൽ ആക്രമിച്ചാണ് കളിച്ചത്. അത് രാഹുലിനു തന്നെ തിരിച്ചടിയായി. അക്സർ പട്ടേലിൻ്റെ പന്തിൽ ഡാനിയൽ സാംസ് പിടിച്ച് പുറത്താവുമ്പോൾ 15 റൺസായിരുന്നു രാഹുലിൻ്റെ സമ്പാദ്യം. ഗെയിലും രാഹുലിൻ്റെ അതേ പാത പിന്തുടർന്നു. തുടർച്ചയായി ബൗണ്ടറികളടിച്ച് തുടങ്ങിയ ഗെയിൽ (29) അശ്വിൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി. മായങ്ക് അഗർവാൾ (5) റണ്ണൗട്ടായി.

നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഗ്ലെൻ മാക്സ്‌വൽ-നിക്കോളാസ് പൂരാൻ സഖ്യമാണ് കിംഗ്സ് ഇലവനെ അനായാസ ജയത്തിലേക്ക് നയിച്ചത്. ഡൽഹി പാളയത്തിലേക്ക് ആക്രമണം അഴിച്ചുവിട്ട പൂരാൻ 27 പന്തുകളിൽ ഫിഫ്റ്റി തികച്ചു. തൊട്ടുപിന്നാലെ അദ്ദേഹം പുറത്തായി. പുറത്താവുമ്പോൾ 28 പന്തുകളിൽ 53 റൺസ് എടുത്തിരുന്ന താരം 69 റൺസിൻ്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷമാണ് മടങ്ങിയത്.

പൂരാൻ പുറത്തായതിനു പിന്നാലെ സ്കോറിംഗ് ചുമതല മാക്സ്‌വൽ ഏറ്റെടുത്തു. ചില മികച്ച ഷോട്ടുകളുമായി ഫോമിലേക്ക് തിരികെ എത്തുന്നതിൻ്റെ സൂചനകൾ നൽകിയ അദ്ദേഹം സ്കോർബോർഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ റബാഡയ്ക്കെതിരെ ഒരു അനാവശ്യ ഷോട്ടിനു ശ്രമിച്ച് മാക്‌സ്‌വൽ (32) പുറത്തായത് കിംഗ്സ് ഇലവനു തിരിച്ചടിയായി. ആരാം വിക്കറ്റിൽ ദീപക് ഹൂഡ (15), ജിമ്മി നീഷം (10) സഖ്യത്തിൻ്റെ അപരാജിതമായ 20 റൺസ് കൂട്ടുകെട്ടാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്.