ലക്‌നൗ : വിനോദ സഞ്ചാര മേഖലയിൽ മുന്നേറി ഉത്തർപ്രദേശ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ സന്ദർശിച്ച സംസ്ഥാനമെന്ന നേട്ടം ഉത്തർപ്രദേശ് സ്വന്തമാക്കി. ഇന്ത്യൻ ടൂറിസം സ്റ്റാറ്റിസ്റ്റിക് വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2019 ൽ ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിച്ച സംസ്ഥാനം ഉത്തർപ്രദേശ് ആണ്. ഏറ്റവും കൂടുതൽ വിദേശ വിനോദ സഞ്ചാരികളെ ആകർഷിച്ച മൂന്നാമത്തെ സംസ്ഥാനം എന്ന നേട്ടവും ഉത്തർപ്രദേശ് സ്വന്തമാക്കിയിട്ടുണ്ട്. 53.6 കോടി ആഭ്യന്തര വിനോദ സഞ്ചാരികളും, 47 ലക്ഷം വിദേശ വിനോദ സഞ്ചാരികളുമാണ് കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത് എന്നാണ് ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്.

ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിച്ച സംസ്ഥാനമെന്ന പദവി വർഷങ്ങളായി നിലനിർത്തിയിരുന്ന തമിഴ്‌നാടിനെ മറികടന്നാണ് ഉത്തർപ്രദേശ് നിർണ്ണായക നേട്ടം സ്വന്തമാക്കിയത്. 2018 ൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ തമിഴ്‌നാട് ഒന്നാം സ്ഥാനത്തും, ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്തും ആയിരുന്നു.

സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിലെ ഉണർവിനായി മികച്ച പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ഉത്തർപ്രദേശ് പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് മെഷ്‌റാം പറഞ്ഞു. രാമായണ സർക്യൂട്ട്, മഹാഭാരത സർക്യൂട്ട്, തുടങ്ങി വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ആവിഷ്‌കരിച്ചതാണ്. ഇത് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.