ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച കുട്ടിയുടെ തലച്ചോറിന് ക്ഷതം സംഭവിച്ചതായി റിപ്പോർട്ട്. എയിംസിൽ ചികിത്സയിൽ കഴിയുന്ന 11 കാരിയുടെ തലച്ചോറിലെ ഞരമ്പിനാണ് കൊറോണ വൈറസ് മൂലം ക്ഷതം സംഭവിച്ചത്. കുട്ടികളിൽ ആദ്യമായാണ് കൊറോണ മൂലം ഇത്തരത്തിലുള്ള ഗുരുതര സാഹചര്യം കണ്ടെത്തുന്നതെന്നാണ് എംയിസ് റിപ്പോർട്ട്. കുട്ടിയുടെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങൾ തയ്യാറാക്കി വരികയാണെന്ന് എയിംസിലെ ന്യൂറോളജി വിഭാഗം അറിയിച്ചു. തലച്ചോറിലെ ഞരമ്പിന് ക്ഷതം സംഭവിക്കുന്ന അക്യൂട്ട് ഡെമിലേറ്റിംഗ് സിൻഡ്രോമാണ് കുട്ടിയെ ബാധിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ മൂലമാണ് ഈ രോഗം ഉണ്ടായത്. രോഗം ബാധിച്ചതിന്റെ പാർശ്വഫലമായി കുട്ടിയ്ക്ക് കാഴ്ച്ച വൈകല്യം സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

തലച്ചോറിലെ ഞരമ്പുകൾക്ക് സംരക്ഷണ കവചം നൽകുന്ന മൈലിൻ എന്ന ആവരണത്തിന് ക്ഷതം സംഭവിക്കുന്ന അവസ്ഥയാണ് അക്യൂട്ട് ഡെമിലിനേറ്റിംഗ് സിൻഡ്രം. പേശികളുടെ ചലനവും കാഴ്ച്ച ശക്തിയുമെല്ലാം മൈലിനുമായി ബന്ധപ്പെട്ടിക്കുന്നു.

കാഴ്ച്ച നഷ്ടമായതിനാലാണ് കുട്ടി ചികിത്സ തേടി എത്തിയത്. തുടർന്ന് എംആർഐ സ്‌കാൻ നടത്തിയപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിൽ കൊറോണ അനുബന്ധ രോഗമാണ് ഇതെന്ന് തിരിച്ചറിഞ്ഞു. കൂടുതൽ പരിശോധനകൾ നടന്ന് വരികയാണെന്നും എയിംസ് അധികൃതർ അറിയിച്ചു.