ടീമിന് വേണ്ടി ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ലര്‍. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ജോസ് ബട്ലര്‍. മത്സരത്തില്‍ പുറത്താവാതെ 48 പന്തില്‍ 70 റണ്‍സ് എടുത്ത ജോസ് ബട്ലറുടെ മികച്ച ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ രജസ്ഥാന്‍ റോയല്‍സ് 7 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അഞ്ചാം നമ്പറില്‍ ഇറങ്ങുന്നതില്‍ സന്തോഷം ഉണ്ടെന്നും നിലവില്‍ ഇതാണ് ടീമില്‍ തന്റെ സ്ഥാനമെന്നും ബട്ലര്‍ പറഞ്ഞു. മത്സരത്തില്‍ വിജയിക്കാനായതില്‍ തനിക്ക് ഒരുപാട് സന്തോഷം ഉണ്ടെന്നും മത്സരത്തില്‍ സമ്മര്‍ദ്ദം ഉണ്ടാവുമ്പോള്‍ തന്റെ കഴിവിനെ വിശ്വസിച്ചെന്നും അതാണ് തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചതെന്നും ബട്ലര്‍ പറഞ്ഞു.
മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 126 റണ്‍സ് എന്ന ലക്‌ഷ്യം പിന്തുടരവെ ഒരു ഘട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 3 വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എടുത്ത് തകര്‍ച്ചയെ നേരിടുന്ന സമയത്താണ് ജോസ് ബട്ലര്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച്‌ രാജസ്ഥാന് ജയം നേടിക്കൊടുത്തത്.