കോവിഡ് വൈറസ് രോ​ഗബാധ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ 50 ശതമാനം പേര്‍ക്കും കോവിഡ് പിടിപെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോ​ഗിച്ച്‌ വി​ദ​ഗ്ധ സമിതി അം​ഗം.

നിലവില്‍ ഇന്ത്യയിലെ 30 ശതമാനത്തോളം ജനങ്ങള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചെന്നും ഫെബ്രുവരിയോടെ ഇത് 50 ശതമാനമാകുമെന്നുമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്നോളജിയിലെ പ്രൊഫസറായ മണീന്ദ്ര അഗര്‍വാള്‍ പറയുന്നത്.

കോവിഡ് വൈറസ് വ്യാപനത്തിന്റെ അതിതീവ്രത സെപ്റ്റംബര്‍ മധ്യത്തോടെ അവസാനിച്ചെന്നും നിലവില്‍ രോ​ഗബാധിതരുടെ എണ്ണം കുറയുകയാണെന്നും റോയിട്ടേഴസിനോട് പ്രഫ. മണീന്ദ്ര അ​ഗര്‍വാള്‍ പറഞ്ഞു.

ജനസംഖ്യയുടെ 14 ശതമാനം പേര്‍ രോഗബാധിതരായെന്നാണ് സെറോളജിക്കല്‍ സര്‍വേയില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ സെറോളജിക്കല്‍ സര്‍വേ കൃത്യമായിരിക്കണമെന്നില്ലെന്ന് മണീന്ദ്ര അഗര്‍വാള്‍ പറയുന്നു.

ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ‍് വൈറസ് വ്യാപനം ഏകദേശം അവസാനിക്കുമെന്നാണ് പുതിയ കണക്കുകള്‍. എന്നാല്‍ ദുര്‍ഗപൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ വരാനിരിക്കുന്നതിനാല്‍ രോഗബാധ ഉയരാനുളള സാഹചര്യത്തെ കുറിച്ചും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.