ഓണക്കാലത്ത് സംസ്ഥാനം വളരെയധികം ഇളവുകൾ അനുവദിച്ചു എന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് ചെറിയ ഇളവുകൾ മാത്രമാണ് അനുവദിച്ചതെന്നും തിരക്ക് നിയന്ത്രിക്കുന്നതിന് പൊലീസ് ജാഗ്രത പാലിച്ചു എന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായ സമരങ്ങളാണ് കൊവിഡ് വ്യാപനം വർധിപ്പിച്ചതെന്നും പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ചിലർ രംഗത്തിറങ്ങിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

“ഓണക്കാലത്ത് വളരെയധികം ഇളവുകൾ അനുവദിച്ചുവെന്ന് പറയുന്നത് അടിസ്ഥാന രഹിതമായ കാര്യമാണ്. ചെറിയ ഇളവുകൾ മാത്രമാണ് അനുവദിച്ചത്. തിരക്ക് നിയന്ത്രിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ പോലീസ് പുറപ്പെടുവിച്ചിരുന്നു. പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാനും ഓണാഘോഷം നടത്താനും അനുവദിക്കില്ലെന്ന് വ്യക്തമാക്കി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുകയും കൺടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഓണക്കാലത്തും തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസ് ജാഗ്രത പാലിച്ചു. ആ ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പോലീസ് എടുത്ത കേസുകളുടെ എണ്ണവും അറസ്റ്റിലായ വ്യക്തികളുടെ എണ്ണവും പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണവും അക്കാര്യം വ്യക്തമാക്കുന്നതാണ്.”- മുഖ്യമന്ത്രി പറഞ്ഞു.

“രോഗവ്യാപനം വർധിക്കാൻ ഇടയായത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം. അനാവശ്യമായ അരാജക സമരങ്ങളാണ് കൊവിഡ് വ്യാപനം വർധിപ്പിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ചിലർ രംഗത്തിറങ്ങി. മാസ്‌ക വലിച്ചെറിഞ്ഞും നിയന്ത്രണങ്ങൾ ലംഘിച്ചും സമര രംഗത്തിറങ്ങാൻ ചിലർ ആഹ്വാനം നൽകി. ഓണക്കാലത്ത് കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടായില്ല. എന്നാൽ അനാവശ്യ സമരങ്ങൾ പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതായിരുന്നില്ല. ആളുകൾ തിക്കിത്തിരക്കി സമരത്തിന് ഇറങ്ങുകയും പോലീസുമായി മൽപ്പിടിത്തം ഉണ്ടാക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ സമരത്തിന് ഇറങ്ങിയതിന്റെ ദുരന്തഫലമാണ് നാം അനുവദിക്കുന്നത്. വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താനും എല്ലാം അടച്ചുപൂട്ടാനും നമുക്ക് മാത്രമായി കഴിയില്ല. എന്നാൽ കാര്യങ്ങൾ തിരിച്ചുപിടിക്കാൻ കഴിയും. കടുത്ത ജാഗ്രത പാലിച്ച് മുന്നോട്ടു പോകേണ്ടിവരും. ആ സന്ദേശമാണ് നാം ഒന്നിച്ചുനിന്ന് നൽകേണ്ടത്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമർശത്തെ ആ നിലയിൽ മാത്രമെ കാണേണ്ടതുള്ളൂ.”- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.