ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: വിവിധ വിഷയങ്ങളുയര്‍ത്തി ചൂടാറും മുന്നേ വീണ്ടും കോവിഡ് 19 അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി മാറുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അദ്ദേഹം പോരാടി കൊണ്ടിരിക്കുന്ന കോവിഡും തിരഞ്ഞെടുപ്പ് ദിനം അടുക്കും തോറും നിയന്ത്രണാതീതമായി മാറിക്കൊണ്ടിരിക്കുകയാണ്. ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കോവിഡിനെ തുടര്‍ന്ന് 224,761 പേര്‍ ഇതിനോടകം യുഎസില്‍ മരിച്ചു കഴിഞ്ഞു. 8,390,547 പേര്‍ക്ക് ഇതുവരെ കോവിഡ് പിടിപ്പെട്ടു കഴിഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് ഇപ്പോള്‍ അമേരിക്കയിലാണ്. ഇപ്പോഴും 2,707,762 പേരാണ് കോവിഡുമായി ഇവിടെ മല്ലിട്ടു കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്നേ ഒരു വാക്‌സിന്‍ പ്രഖ്യാപനമെന്ന ട്രംപിന്റെ ലക്ഷ്യം തട്ടിത്തെറിപ്പിച്ച ഗവേഷകര്‍ക്കെതിരേ അദ്ദേഹം പലപ്പോഴും ശബ്ദം മുഴക്കുന്നുണ്ട്. കോവിഡ് ബാധിച്ച ട്രംപ് ആശുപത്രിയില്‍ ഒരാഴ്ച പോലും ചെലവിട്ടില്ലെന്നു മാത്രമല്ല, ഇപ്പോഴും കോവിഡ് പ്രോട്ടോക്കോള്‍ പരസ്യമായി ലംഘിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇപ്പോഴും അദ്ദേഹത്തിന്റെ റാലികളില്‍ സാമൂഹിക അകലമോ, മാസ്‌ക്കുകളോ ഉണ്ടാവുന്നില്ല. കോവിഡിന്റെ പിടിയില്‍പ്പെട്ടിട്ടും ട്രംപ് മാസ്‌ക്ക് ധരിക്കാന്‍ ഇപ്പോഴും തയ്യാറാവുന്നില്ലെന്ന് ഡെമോക്രാ്റ്റുകള്‍ ആരോപിക്കുന്നു.

എതിരാളി ജോ ബൈഡനെ പിന്നിലാക്കാനായി ആക്രമണാത്മകമായി മുന്നേറുന്ന പ്രസിഡന്റ് മാസ്‌ക് ധരിക്കുന്നത് ദൗര്‍ബല്യമാണെന്ന് ഇപ്പോഴും കരുതുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം രാജ്യത്തെ പ്രമുഖ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്റണി ഫൗസിയുമായി കൊമ്പുകോര്‍ക്കുന്നു. ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുകളെയാണ് ട്രംപ് അവഗണിക്കുന്നത്. അദ്ദേഹത്തിന്റെ സംസ്ഥാന റാലികളെല്ലാം തന്നെ ഗവണ്‍മെന്റിന്റെ കോവിഡ് 19 പ്രോട്ടോക്കോളുകള്‍ ലംഘിച്ചാണ് നടത്തിയത്. സാമൂഹിക അകലം പാലിക്കാതെയാണ് ഏതാണ്ടെല്ലാ ബഹുജന പങ്കാളിത്ത പരിപാടികളും റാലികളും നടത്തിയത്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും രാഷ്ട്രീയ എതിരാളികളെ ക്വാറന്റൈനില്‍ പൂട്ടിയിടണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. അതു കൊണ്ടു തന്നെ വ്യാഴാഴ്ച നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും പ്രസിഡന്‍ഷ്യല്‍ ഡിബേറ്റും ട്രംപിനെതിരേ തിരിയുമോയെന്ന സംശയത്തിലാണ്. കോവിഡ് ടെസ്റ്റ് നടത്തിയെന്ന റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയാലേ താന്‍ സംവാദത്തിനുള്ളുവെന്നു ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്രംപ് ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു മുതിരാനുള്ള സാധ്യത തുലോം വിരളമാണ്. മാസ്‌ക്ക് ധരിക്കാതിരിക്കുന്നതു പോലും കോവിഡിനെ അമേരിക്കക്കാര്‍ അവഗണിക്കുന്നുവെന്നതിന്റെ സൂചനയാണ് ട്രംപ് ഉയര്‍ത്തുന്നത്. എന്നാല്‍ പകര്‍ച്ചവ്യാധി പരത്താനും ആയിരങ്ങളുടെ ജീവനുകള്‍ വീണ്ടും നഷ്ടപ്പെടുത്താനുമേ ഇത് ഉപകരിക്കൂ എന്ന ഡെമോക്രാറ്റുകളുടെ ഉപദേശം പോലും ട്രംപ് അവഗണിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ ട്രംപ് കോവിഡ് ടെസ്റ്റ് നടത്തുമോയെന്ന കാര്യം കണ്ടറിയണം.

രാജ്യത്ത് മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ച് ഇരുപാര്‍ട്ടികള്‍ക്കിടയിലും ഇപ്പോഴും ഒരു പൊതുചര്‍ച്ച നടക്കുന്നുണ്ട്. ആ നിലയ്ക്ക് രാജ്യത്ത് സുരക്ഷിതത്വം പാലിക്കാതെയിരിക്കുക എന്നത് ലോകത്തിലെ ഏറ്റവും മോശമായ ഒന്നാണെന്നു ആരോഗ്യവിദഗ്ധരും ഗവേഷകരും ചൂണ്ടിക്കാണിക്കുന്നു. അമേരിക്കക്കാരെ സുരക്ഷിതമായി സൂക്ഷിക്കാന്‍ ബാധ്യസ്ഥനായ പ്രസിഡന്റ് തന്റെ രാഷ്ട്രീയ അടിത്തറയെ സ്വാധീനിക്കാന്‍ സാഹചര്യത്തെ എങ്ങനെ ഉപയോഗിക്കുന്നുവെന്നും ഇത് അടിവരയിടുന്നു. ചില യാഥാസ്ഥിതികര്‍ അവരുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമായി മാസ്‌ക് ധരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ ആഴ്ച എന്‍ബിസി ടൗണ്‍ഹാളില്‍, മാസ്‌ക് ധരിക്കുന്ന 85% ആളുകള്‍ക്കും കോവിഡ് 19 പിടിക്കുന്നുവെന്ന് ട്രംപ് തെറ്റായി അവകാശപ്പെട്ടു. ‘മെറ്റാ അനാലിസിസ് പഠനങ്ങള്‍ കാണിക്കുന്നത്, മാസ്‌കുകള്‍ അണുബാധ തടയുന്നതില്‍ ശരിക്കും പ്രവര്‍ത്തിക്കുന്നുവെന്നാണ്,’ ഡോ. ഫൗസി പറഞ്ഞു.

ഞായറാഴ്ച രാത്രി നെവാഡയില്‍ പ്രചാരണത്തിനിറങ്ങിയ ട്രംപ്, കോവിഡ് 19 ഹോട്ട് സോണുകളില്‍ കുറച്ച് ആളുകള്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നതെന്ന് ആവര്‍ത്തിച്ചു. അദ്ദേഹം തന്റെ പിന്നിലുള്ള ആള്‍ക്കൂട്ടത്തിലേക്ക് വിരല്‍ ചൂണ്ടി, വലിയ ജനക്കൂട്ടത്തിലെ ഭൂരിപക്ഷം ആളുകളും മാസ്‌ക്ക് ധരിച്ചിട്ടില്ലെന്നും കോവിഡ് മുന്‍കരുതലുകള്‍ എടുക്കേണ്ടതില്ലെന്നും വ്യക്തമാക്കി. അതേസമയം, കൊറോണ വൈറസിനെതിരേ മാസ്‌കുകള്‍ ഉപയോഗപ്രദമാണെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഏപ്രിലില്‍ മുതല്‍ പറയുന്നുണ്ട്. അണുബാധയുടെ സൂപ്പര്‍ സ്‌പ്രെഡര്‍ ലോക്കസായി മാറിയ വൈറ്റ് ഹൗസ് വലിയ തോതില്‍ മാസ്‌ക് രഹിത മേഖലയായി മാറി. കഴിഞ്ഞയാഴ്ച, മുന്‍ ന്യൂജേഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി, വൈറ്റ് ഹൗസില്‍ നടന്ന സുപ്രീം കോടതി നാമനിര്‍ദ്ദേശ ചടങ്ങില്‍ പങ്കെടുക്കുകയും വൈറസ് പിടിപെട്ടത്, മുഖംമൂടി ധരിക്കാതിരുന്ന തെറ്റായ നടപടി കൊണ്ടാണെന്നും അമേരിക്കക്കാരോട് അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചുവെന്നും പറഞ്ഞു.

മിഷിഗണ്‍ ഡെമോക്രാറ്റിക് ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മറിനെ ട്രംപ് വിശേഷിപ്പിക്കുന്നത് പൈശാചിക വക്താവ് എന്ന നിലയ്ക്കാണ്. ഇവിടുത്തെ പ്രാന്തപ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന അദ്ദേഹം, വെള്ളക്കാരായ അമ്മമാര്‍ക്കു വ്യാജമായ മുന്നറിയിപ്പ് നല്‍കി കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണമുയര്‍ന്നു കഴിഞ്ഞു. ഒസാമ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്നും ബൈഡനും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും കൊല ചെയ്തത് മറ്റേതോ നിരപരാധിയെ ആയിരിക്കാമെന്നും അദ്ദേഹം പറയുന്നു. ഇവരുടെ ഗൂഢലോചന സിദ്ധാന്തം ഉയര്‍ത്തിക്കൊണ്ടു വന്ന ക്യുഅനോണ്‍ ഗ്രൂപ്പിനെ തള്ളിപ്പറയാന്‍ ട്രംപ് കഴിഞ്ഞയാഴ്ച വിസമ്മതിച്ചതു പോലും ഇതിന്റെ ഭാഗമായി വേണം കരുതേണ്ടത്.

ട്രംപും ബൈഡനും തമ്മിലുള്ള പ്രസിഡന്റ് യുദ്ധത്തിലെ അവസാന പോരാട്ടത്തില്‍ രാജ്യമെമ്പാടും അമ്പരപ്പിക്കുന്ന രീതിയില്‍ വോട്ടര്‍മാര്‍ നേരത്തെ ബാലറ്റ് രേഖപ്പെടുത്തി. എഡിസണ്‍ റിസര്‍ച്ച്, കാറ്റലിസ്റ്റ് എന്നിവരുടെ ബാലറ്റ് ഡാറ്റയുടെ സര്‍വേ പ്രകാരം ഞായറാഴ്ച വൈകുന്നേരം വരെ 45 സംസ്ഥാനങ്ങളിലും വാഷിംഗ്ടണ്‍ ഡിസിയിലും 27 ദശലക്ഷത്തിലധികം ബാലറ്റുകള്‍ രേഖപ്പെടുത്തി. ഇതുവരെ രേഖപ്പെടുത്തിയ ബാലറ്റുകള്‍ വച്ചു നോക്കിയാല്‍ ഇത് 2016 ല്‍ രേഖപ്പെടുത്തിയ 136 ദശലക്ഷത്തിലധികം ബാലറ്റുകളേക്കാള്‍ ഏതാണ്ട് 20% കൂടുതല്‍ പ്രതിനിധീകരിക്കുന്നു.