രാജ്യത്തെ പ്രതിദിന കൊവിഡ് കേസിൽ കുറവ്. 24 മണിക്കൂറിനിടെ 55,722 പോസിറ്റീവ് കേസുകളും 579 മരണം റിപ്പോർട്ട് ചെയ്തു. രോഗമുക്തരുടെ എണ്ണം 66 ലക്ഷം കടന്നു.

ഓഗസ്റ്റ് 18 ന് ശേഷം ഇത് രണ്ടാം തവണയാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നത്. ജൂലൈ 19ന് ശേഷം രാജ്യത്ത് മരണസംഖ്യ 500 ൽ പിടിച്ചുനിർത്താൻ സാധിച്ചു. ആശ്വാസ കണക്ക് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടപ്പോഴും ആകെ രോഗബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. മരണസംഖ്യ 1,14,610 ൽ എത്തി. എട്ടു ലക്ഷത്തിൽ താഴെയാണ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് ,കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.

സമൂഹവ്യാപനം നടന്നന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച പശ്ചിമബംഗാളിൽ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. അതേസമയം പ്രതിരോധപ്രവർത്തനം ശക്തമാക്കിയാൽ അടുത്ത ഫെബ്രുവരിയോടെ കൊവിഡ് നിയന്ത്രിക്കാൻ കഴിയുമെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതിയുടെ കണക്കുകൂട്ടൽ.

അതിനിടെ അൺലോക്ക് അഞ്ചാംഘട്ടത്തിന്റെ ഭാഗമായി ഉത്തർപ്രദേശിൽ സ്‌കൂളുകൾ തുറന്നു. രണ്ട് ഷിഫ്റ്റ് അടിസ്ഥാനത്തിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് തുറന്നത്.