ലഡാക്കില്‍ ചൈനീസ് സൈനികനെ സുരക്ഷാ സേന പിടികൂടി. അതിര്‍ത്തിക്ക് സമീപം സൈനിക രേഖകളുമായാണ് ഇയാള്‍ പിടിയിലായത്. ചൈനീസ് സേനാംഗം അബദ്ധത്തില്‍ അതിര്‍ത്തി ഭേഭിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ ചൈനിസ് സേനയ്ക്ക് കൈമാറും.

ചുമാര്‍-ഡെംചോക്ക് പ്രദേശത്ത് റോന്ത് ചുറ്റുകയായിരുന്ന ഇന്ത്യന്‍ സേനയാണ് ചൈനിസ് സൈനികനെ കണ്ടെത്തിയത്. അതിര്‍ത്തിക്ക് ഇപ്പുറത്ത് കാണപ്പെട്ട ഇയാളുടെ പക്കല്‍ സൈനിക രേഖകളടക്കം ഉണ്ടായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണെന്ന് ഇയാള്‍ വിശദികരിച്ചു. സിവില്‍ -സൈനിക രേഖകളുമായി സൈനികനെ കണ്ടെത്തിയ വിവരം ഇന്ത്യന്‍ സേന തുടര്‍ന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ അറിയിച്ചു.

അതിര്‍ത്തി നിരിക്ഷണത്തിന് നിയോഗിക്കപ്പെട്ടവരിലെ ഒരാളാണ് ഇയാളെന്ന് ചൈനയും സ്ഥിരീകരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഇയാളെ ഉടന്‍ ചൈനയ്ക്ക് കൈമാറും. പിടിയിലായ സൈനികന് വൈദ്യസഹായവും തണുപ്പ് അകറ്റാനുള്ള വസ്ത്രങ്ങളും ഇന്ത്യന്‍ സേന നല്കി. അതേസമയം ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ചൈനീസ് തന്ത്രങ്ങള്‍ ഇന്ത്യ തള്ളി.

ഇന്ത്യയില്‍ നിന്നുള്ള റബ്ബര്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ കയറ്റി അയയ്ക്കാന്‍ തയാറാണെങ്കിലും ഇറക്കുമതിക്ക് ഇപ്പോള്‍ സാധ്യത ഇല്ലെന്ന് ഇന്ത്യ ചൈനീസ് സ്ഥാനപതികാര്യാലയത്തെ അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടിക്ക് മുന്‍പായി നടത്തിയ നീക്കത്തിലൂടെ ദുര്‍ബലമായ വ്യാപാരം കൂടുതല്‍ സജീവമാക്കാനായിരുന്നു ചൈനയുടെ ശ്രമം.