ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റഷ്യ തദ്ദേശീയമായി വികസിപ്പിച്ച സ്പുട്‌നിക് v കൊറോണ വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിലും നടത്തും. വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം രാജ്യത്ത് സംഘടിപ്പിക്കാൻ ഡോ.റെഡ്ഡീസ് ലബോറട്ടറി ലിമിറ്റഡിനും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനും ഡ്രഗ് കൺട്രോളർ ജനറൽ അനുമതി നൽകി. അനുമതി ലഭിച്ച വിവരം സംയുക്ത പ്രസ്താവനയിലൂടെയാണ് ഇവർ അറിയിച്ചത്.

സ്പുട്‌നിക് v യുടെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾ നടത്തുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയിൽ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ. റെഡ്ഡീസ് ലബോറട്ടറി ലിമിറ്റഡും, ആർഡിഐഎഫും കഴിഞ്ഞ മാസമാണ് ഡ്രഗ് കൺട്രോളറെ സമീപിച്ചത്. എന്നാൽ ഇവർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ കൺട്രോളർ ജനറൽ തള്ളുകയായിരുന്നു. പീന്നീട് വീണ്ടും നൽകിയ നിർദ്ദേശങ്ങൾക്കാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. അനുമതി ലഭിച്ച സാഹചര്യത്തിൽ പരീക്ഷണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന.

റഷ്യയിൽ വാക്സിൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിന് മുന്നോടിയായി കുറച്ച് ആളുകളിൽ മാത്രമാണ് വാക്സിൻ ഇതുവരെ പരീക്ഷിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യയിൽ വലിയ വിഭാഗം ജനങ്ങളിൽ പരീക്ഷണം നടത്തണമെന്ന ആവശ്യത്തെ തുടർന്നാണ് ആദ്യം അനുമതി നിഷേധിച്ചത്. നിലവിൽ റഷ്യയിൽ 40,000 പേരിലാണ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുന്നത്.

സെപ്തംബറിലാണ് സ്പുട്‌നിക് v യുടെ പരീക്ഷണം ഇന്ത്യയിൽ സംഘടിപ്പിക്കുന്നതിനായി ഡോ, റെഡ്ഡീസ് ലബോറട്ടറി ലിമിറ്റഡും, ആർഡിഐഎഫും കൈകോർത്തത്. ഇതിന്റെ ഫലമായി 100 മില്യൺ ഡോസ് വാക്‌സിനുകളാണ് ഇന്ത്യയ്ക്ക് ലഭിക്കുക.