ടൂറിൻ: കൊറോണ ചട്ടം ലംഘിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയ ഇറ്റാലിയൻ കായിക മന്ത്രിക്ക് മറുപടിയുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചട്ടങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നും തുടർന്നും പാലിക്കുക തന്നെ ചെയ്യുമെന്നും ക്രിസ്റ്റ്യാനോ റെണാൾഡോ വ്യക്തമാക്കി. താൻ ചെയ്തതെല്ലാം അംഗീകാരത്തോടെയാണെന്നും റൊണാൾഡോ പറഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ ടൂറിനിലെ വില്ലയിൽ ക്വാറന്റെയ്‌നിലാണ് താരം.

റൊണാൾഡോ ഇറ്റാലിയൻ നിയമവും കൊറോണ ചട്ടവും ലംഘിച്ചുവെന്നായിരുന്നു കായിക മന്ത്രി വിസെൻസോ സ്പൻഡഫോറയുടെ ആരോപണം. ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെയാണ് റൊണാൾഡോ തിരിച്ചു വന്നതെന്നും അദ്ദേഹം സംശയം ഉന്നയിച്ചിരുന്നു.

അതേസമയം റൊണാൾഡോ അനുമതിയോടെയാണ് എത്തിയതെന്നും അദ്ദേഹം ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ക്ലബ് പ്രസിഡന്റ് ആന്ദ്രെ അഗ്നെല്ലി അറിയിച്ചിരുന്നു. പ്രത്യേക മെഡിക്കൽ വിമാനത്തിലാണ് റൊണാൾഡോ എത്തിയതെന്നും ക്ലബ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.