തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര സംഘം കേരളത്തിലെത്തി. കേരളത്തിലെത്തിയ സംഘം സംസ്ഥാന കൺട്രോൾ റൂം സന്ദർശിക്കുകയും ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തും.

കൊറോണ വൈറസ് വ്യാപനം രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നത സംഘത്തെ അയച്ചത്. രാജസ്ഥാൻ, കർണാടക, പശ്ചിമബംഗാൾ, ചണ്ഡിഗഡ്, കേരളം എന്നീ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രം ഉന്നത സംഘത്തെ അയച്ചത്.

ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സംഘത്തിൽ ഉണ്ട്. കൊറോണ പരിശോധനകൾ, രോഗികളുടെ ചികിത്സ, രോഗവ്യാപനം തടയാനുള്ള മാർഗങ്ങൾ എന്നിവയടക്കം കേന്ദ്ര സംഘം വിലയിരുത്തും. സംസ്ഥാനങ്ങളിൽ രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്കുള്ള സഹായവും കേന്ദ്ര സംഘം നൽകും.