ഉദയ്പൂര്‍: സര്‍ക്കാര്‍ ജോലി ലഭിക്കാനായി സ്വന്തം അച്ഛനെ കൊല്ലാന്‍ ശ്രമിച്ച മകന്‍ പിടിയിലായി. ഉദയപൂരിലെ 28 വയസ്സുകാരനായ യുവാവാണ് പിടിയിലായത്. സര്‍ക്കാര്‍ സ്ക്കൂളിലെ അധ്യാപകനായി ജോലി നോക്കുന്ന രാകേഷ് പാലിവാലി നെയാണ് മകന്‍ അങ്കിത് വധിക്കാന്‍ ശ്രമിച്ചത്.

ഒരു ടെലിവിഷന്‍ പരമ്പരയില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടാണ് ശ്രമം നടത്തിയതെന്ന് പ്രതി പോലീസിനെ അറിയിച്ചു. സുഹൃത്തായ നിഖിലി നൊപ്പമാണ് അങ്കിത് സ്വന്തം അച്ഛനെതിരെ വധശ്രമം നടത്തിയത്. അച്ഛന്‍ സേവനത്തിലിരിക്കേ മരണപ്പെട്ടാല്‍ ആ ജോലി ലഭിക്കുമെന്നും തുടര്‍ന്ന് സുഹൃത്തിനൊപ്പം ഒരു റസ്റ്റോറന്റ് ആരംഭിക്കാനുമാണ് അങ്കിത് പദ്ധതിയിട്ടിരുന്നത്.

ഇരുചക്രവാഹനത്തില്‍ വരുന്ന പിതാവിന് നേരെ കല്ലെറിയാനായിരുന്നു പദ്ധതി. എന്നാല്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ രാകേഷ് നിസ്സാരപരിക്കുകളോടെ രക്ഷപെട്ടു. നാട്ടുകാര്‍ ഓടിക്കൂടിയതിനാല്‍ അങ്കിതിന്റെ സുഹൃത്തായ നിഖിലിന് വീണ്ടും കല്ലുകൊണ്ട് ആക്രമിക്കാന്‍ സാധിച്ചില്ലെന്നും പോലീസ് പറഞ്ഞു. രാകേഷിന്റെ സുഹൃത്തായ മഹിപാലാണ് നിഖില്‍ കല്ലെറിയുന്നതും ഒരു സ്‌കൂട്ടിയില്‍ കയറി രക്ഷപെടുന്നതും ശ്രദ്ധിച്ചത്. പോലീസിന്റെ അന്വേഷണ ത്തിലാണ് നിഖിലിലേയ്ക്കും പിന്നീട് രാകേഷിന്റെ മകനായ അങ്കിതിലേയ്ക്കും സംശയം നീണ്ടത്. ഇരുവരുടേയും ഫോൺ വിളികളും പരസ്പര വിരുദ്ധമായ സംസാരങ്ങളും പോലീസ് രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.