മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചു. ശിവശങ്കറിനെ പുറത്തിറക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ആശുപത്രി ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരെ കയേറ്റം ചെയ്തത്. വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരേയാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ചത്.

അതേസമയം, എം ശിവശങ്കറിനെ മെഡിക്കല്‍ കേളാജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കേളാജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വന്നെങ്കിലും കടുത്ത നടുവേദന ഡിസ്‌ക്ക് തകരാര്‍ മൂലമാണെന്നാണ് ഡോക്ടേഴ്‌സിന്റെ വിലയിരുത്തല്‍. ചോദ്യം ചെയ്യാന്‍ കൊണ്ടു പോകുന്നതിനിടെ അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ശിവശങ്കറിനെ പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വര്‍ണക്കടത്ത്, ഈന്തപ്പഴം ഇറക്കുമതി , ഡോളര്‍ ഇടപാട് എന്നിങ്ങിനെ മൂന്ന് കേസിലും ശിവശങ്കറിന്റെ ഇടപാടുകളില്‍ ദുരൂഹത കണ്ടതോടെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് കസ്റ്റംസ് തേടുന്നത്.