തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് ആന്‍ജിയോഗ്രാം നടത്തും. ശിവശങ്കറിന്‍റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ കസ്റ്റംസിനെ അറിയിച്ചത്.

ഇസിജിയില്‍ വ്യത്യാസമുള്ളതുകൊണ്ടാണ് ആന്‍ജിയോ ഗ്രാം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതിനുശേഷം ഡോക്ടര്‍മാര്‍ ശിവശങ്കറിന്‍റെ ആരോഗ്യനിലയെക്കുറിച്ച്‌ നല്‍കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാകും കസ്റ്റംസ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. കാര്‍ഡിയാക് ഐസിയുവിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. എത്രനാള്‍ ഇവിടെ അദ്ദേഹം തുടരുമെന്നതില്‍ വ്യക്തതയില്ല.
ഇന്നലെ വൈകുന്നേരം ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കൊണ്ടുപോകുമ്പോഴാണ്‌ ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശിവശങ്കറിന്‍റെ ആരോഗ്യനിലയെ കുറിച്ച്‌ ഇന്ന് വിശദമായ മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കും.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ആണ് മുഖ്യമന്ത്രിയുടെ എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേസില്‍ ശിവശങ്കറിനെതിരെ നിര്‍ണ്ണായകവിവരങ്ങള്‍ ലഭിച്ച കസ്റ്റംസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

ഇതുവരെ പല തവണ ചോദ്യം ചെയ്യലിന് ശിവശങ്കര്‍ ഹാജരായത് സ്വന്തം വാഹനത്തിലാണ്. എന്നാല്‍ വെള്ളിയാഴ്ച അദ്ദേഹത്തെ വിളിപ്പിച്ചപ്പോള്‍ കസ്റ്റംസ് വാഹനത്തിലാണ് കൊണ്ടുപോയത്. ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങളായതിനാല്‍ കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങിയിരുന്നെങ്കില്‍ ശിവശങ്കറിന് ജാമ്യം ലഭിക്കുമായിരുന്നില്ല.