മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തിരുവനന്തപുരം കരമന പിആര്‍എസ് ആശുപത്രിയില്‍ തുടരും. ശിവശങ്കറിന്റെ എംആര്‍ഐ സ്‌കാനിംഗ് പൂര്‍ത്തിയായി. നാളെ ആന്‍ജിയോഗ്രാം നടത്തുമെന്നാണ് വിവരം. ശിവശങ്കറിന്റെ ആരോഗ്യാവസ്ഥ അറിയിക്കണമെന്ന് കസ്റ്റംസ് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്‍ഡിയാക് ഐസിയുവിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കിന്നത്. രക്തസമ്മര്‍ദം കൂടിയെന്നും ഇസിജിയിലും നേരിയ വ്യത്യാസമെന്നും റിപ്പോര്‍ട്ടുകള്‍. ശിവശങ്കറിനെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കസ്റ്റംസ് അധികൃതര്‍ മാറ്റാന്‍ ഒരുങ്ങിയിരുന്നുവെന്നും വിവരം.

അതേസമയം കസ്റ്റംസ് സംഘം പൂജപ്പുരയിലുള്ള ശിവശങ്കറിന്റെ വീട്ടിലെത്തിയത് കസ്റ്റഡിയിലെടുക്കാന്‍ ആണെന്ന വിവരം പുറത്തുവന്നു. വൈകുന്നേരം ആറ് മണിക്ക് ഹാജരാകാന്‍ കസ്റ്റംസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അസുഖമായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ശിവശങ്കര്‍ അറിയിച്ചു. കസ്റ്റംസ് സംഘം എത്തിയത് 5 30നാണ്. സംഘം എത്തിയതിന് പിറകെയാണ് എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നു. കസ്റ്റംസ് വാഹനത്തിലാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.