തിരുവനന്തപുരം: വിയ്യൂര്‍ വനിതാ ജയിലിലെ കടുത്ത നിയന്ത്രണങ്ങള്‍ തനിക്ക് മാനസിക പ്രയാസമുണ്ടാക്കിയെന്നും, അത്തരം നിയന്ത്രണങ്ങള്‍ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലെങ്കിലും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന് പരാതി നല്‍കി.

വിയ്യൂരില്‍ മറ്റുള്ളവരോട് സംസാരിക്കാനും ഇടപെടാനും അനുവദിക്കാത്ത നിയന്ത്രണമായിരുന്നുവെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് ദക്ഷിണമേഖലാ ഡിഐജി ഇന്നലെ അട്ടക്കുളങ്ങര ജയിലിലെ സാഹചര്യങ്ങള്‍ പരിശോധിച്ചു.

കൊഫെപോസ ചുമത്തിയതിനെത്തുടര്‍ന്ന് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനാണ് സ്വപ്നയെയും കൂട്ടുപ്രതി സന്ദീപിനെയും തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റിയത്. സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.

റിമാന്‍ഡ് പ്രതിയായ സ്വപ്നയെ അട്ടക്കുളങ്ങരയില്‍ ഒരു സെല്ലില്‍ തനിച്ചാണ് പാര്‍പ്പിക്കുക. കൊവിഡ് വ്യാപനം കാരണം 750പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള അട്ടക്കുളങ്ങരയില്‍ നിലവില്‍ 27 തടവുകാരേയുള്ളൂ. ഭൂരിഭാഗം തടവുകാര്‍ക്കും ജാമ്യവും പരോളും നല്‍കി.