ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതില്‍ യുഡിഎഫ് നേതൃത്വത്തിന് വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതില്‍ യുഡിഎഫ് നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് തുറന്നടിച്ച് കെ.മുരളീധരന്‍ എംപി. മുന്നണി വിട്ടുപോകാന്‍ തയാറെടുക്കുന്നവരെ പിടിച്ചു നിര്‍ത്താന്‍ യുഡിഎഫ് നേതൃത്വം ശ്രമിക്കണമായിരുന്നു. എല്ലാ കക്ഷികളെയും ചേര്‍ത്തിനിര്‍ത്താന്‍ ശ്രമിച്ച പാരമ്പര്യമായിരുന്നു കെ കരുണാകരന്റെ കാലം മുതല്‍ കോണ്‍ഗ്രസിലും മുന്നണിയിലും ഉണ്ടായിരുന്നത്. ഘടകകക്ഷികള്‍ വിട്ടുപോകുന്നത് പ്രവര്‍ത്തകരുടെയും മുന്നണിയുടേയും ആത്മവിശ്വാസത്തെ ബാധിക്കും. ജോസ് കെ മാണി വിഷയത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമാണ് ഉണ്ടായിരുന്നതെന്നും കെ.മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

എന്നാല്‍ ആരേയും പറഞ്ഞുവിടുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്നും കെ.കരുണാകരനും കെ.മുരളീധരനും പാര്‍ട്ടി വിട്ടുപോയപ്പോള്‍ തിരികെ കൊണ്ടുവന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി. കെ. മുരളീധരന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ജോസ് കെ മാണി വിഭാഗത്തിലെ നേതാക്കള്‍ മാത്രമാണ് മുന്നണി വിട്ടത്. അണികള്‍ ഇപ്പോഴും യുഡിഎഫിനൊപ്പം തന്നെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.