ചണ്ഡീഗഡ്: ഒളിമ്പിക്‌സ്‌ മെഡല്‍ ജേതാവും ഗുസ്തി ചാമ്ബ്യനുമായ യോഗേശ്വര്‍ ദത്ത് ഹരിയാന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി. ബറോഡ മണ്ഡലത്തില്‍ നിന്നാണ് യോഗേശ്വര്‍ വീണ്ടും ജനവിധി തേടുന്നത്. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് കായിക താരത്തിന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

2019 ഒക്ടോബറിലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 സെപ്റ്റംബറിലാണ് യോഗേശ്വര്‍ ദത്ത് ബി.ജെ.പിയില്‍ ചേര്‍ന്നത്. അന്ന് ബറോഡ സീറ്റില്‍ നിന്നും മല്‍സരിച്ച യോഗേശ്വര്‍ പരാജയപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൃഷന്‍ ഹൂഡ 4840 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സോനിപത്ത് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് ബറോഡ നിയമസഭ മണ്ഡലം.

2012 ഒളിമ്ബിക്സില്‍ വെങ്കല മെഡലും 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡലും യോഗേശ്വര്‍ ദത്ത് നേടിയിരുന്നു. 2013ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.